വ്യോമയാന സുരക്ഷയ്ക്ക് അടിവരയിട്ട് 'മസ്‌ക്കത്ത് പ്രഖ്യാപനം'
മസ്‌കത്ത് > സിവിൽ വ്യോമയാന അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ഒമാൻ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ തിങ്കളാഴ്ച ആരംഭിച്ച അന്തരാഷ്ട്ര വ്യോമയാന സംഘടനയുടെ സുരക്ഷാ വാരത്തിന്റെ എട്ടാമത് പതിപ്പിന് തിരശീല വീണു. ഡിസംബർ 9ന് മോൺട്രിയലിലെ ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (ഐസിഎഒ) ആസ്ഥാനത്തിന് പുറത്ത് സംഘടിപ്പിച്ച പരിപാടി തുടങ്ങി പന്ത്രണ്ടിന് അവസാനിച്ചു. ഒമാൻ ധനകാര്യ മന്ത്രി സുൽത്താൻ ബിൻ സലേം അൽ ഹബ്സി ഉദ്ഘാടനം ചെയ്‌ത പരിപാടിയിൽ ഐസിഎഒ അംഗരാജ്യങ്ങളിൽ നിന്നുള്ള 600-ലധികം ഉദ്യോഗസ്ഥരും, മേഖലയിലെ വിദഗ്ദ്ധരും, അന്താരാഷ്ട്ര സംഘടനകൾ, വ്യോമയാന സംഘടനാപതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു. സുരക്ഷാ മാനദണ്ഡങ്ങൾ ശക്തിപ്പെടുത്തി വ്യോമയാന മേഖലയെ ഉറച്ച ചുവടുകളോടെ മുന്നോട്ടു നയിക്കുന്നതിൽ സുൽത്താനേറ്റിൻ്റെ പ്രതിബദ്ധതയ്ക്കുള്ള ആഗോള അംഗീകാരമാണ് ഒമാന് ലഭിച്ച ഈ വേദിയെന്ന് ഒമാൻ വ്യോമയാന അതോറിറ്റി ചെയർമാൻ നെയിഫ് ബിൻ അലി അൽ അബ്രി പറഞ്ഞു. വ്യോമയാന സുരക്ഷയെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങൾ യോഗം ചർച്ച ചെയ്തു. വ്യോമയാന സംരക്ഷണ നടപടികൾ വർധിപ്പിക്കുന്നതിനും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നിരവധി നിർദ്ദേശങ്ങളും, അന്താരാഷ്ട്ര വ്യോമയാന രംഗത്തെ സുരക്ഷാ വെല്ലുവിളികൾ കൈകാര്യം ചെയ്യുന്നതിനുള്ള ശുപാർശകളും യോഗത്തിൽ ഉയർന്നു വന്നു. തീവ്രവാദത്തെ ഫലപ്രദമായി നേരിടാനും വ്യോമയാന മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളും വിഭവങ്ങളും സംരക്ഷിക്കാനും അംഗരാജ്യങ്ങൾ ഒരു ഏകീകൃത സമീപനം സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ചർച്ചയിൽ പങ്കെടുത്തവർ ഊന്നിപ്പറഞ്ഞു. വിശദമായ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷം അന്തിമ രൂപം കൊടുത്ത 'മസ്‌ക്കത്ത് പ്രഖ്യാപനം' സമാപന യോഗത്തിൽ അവതരിപ്പിച്ചു. വ്യോമയാന സുരക്ഷ, സൈബർ സുരക്ഷ എന്നിവരെ സംബന്ധിക്കുന്ന സമഗ്രമായ രേഖയാണ് 'മസ്‌ക്കറ്റ് പ്രഖ്യാപന'മെന്ന് സംഘാടകർ പറഞ്ഞു. വ്യോമയാന സുരക്ഷയ്ക്ക് നൽകുന്ന അതേ പ്രാധാന്യത്തോടെ സൈബർ സുരക്ഷയേയും പരിഗണക്കണമെന്നും, ലഭ്യമായതിൽ മികച്ച സാങ്കേതികവൈദഗ്ദ്ധ്യവും, സാങ്കേതികവിദ്യകളും ഇതിനായി ഉപയോഗപ്പെടുത്തണമെന്നും രേഖയിൽ പറയുന്നു. സുരക്ഷാ ഭീഷണികൾ അതിവേഗം തിരിച്ചറിയുകയും, അംഗരാഷ്ട്രങ്ങൾ തമ്മിൽ ദ്രുത ഗതിയിലുള്ള വിവര-വിജ്ഞാനക്കൈമാറ്റം സാദ്ധ്യമാക്കണമെന്നും, സുരക്ഷാ പ്രശ്നങ്ങൾ ഉടനടി പരിഹരിക്കാൻ അത് ഉപകരിക്കുമെന്നും രേഖ ചൂണ്ടിക്കാട്ടുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ ഫലപ്രദമായി പാലിച്ചു കൊണ്ടു തന്നെ യാത്രക്കാരുടെയും ചരക്കുകളുടെയും ഒഴുക്ക് സുഗമമാക്കാൻ ശ്രദ്ധിക്കണമെന്നും, വലുപ്പച്ചെറുപ്പമില്ലാതെ 'എല്ലാ രാജ്യങ്ങളെയും ഒരു പോലെ പരിഗണിക്കണമെന്ന' അന്തരാഷ്ട്ര വ്യോമയാന സംഘടനയുടെ പൊതു നിലപാടിനെ പിന്തുണയ്ക്കുന്ന നിലയിൽ അംഗരാഷ്ട്രങ്ങൾക്കിടയിൽ പരസ്പര സഹകരണത്തിന്റേതായ അന്തരീക്ഷം രൂപപ്പെടണമെന്നും രേഖ ചൂണ്ടിക്കാട്ടുന്നു. വ്യാജ ട്വിറ്റർ, ഫോൺ സന്ദേശങ്ങൾ കാരണമായി അഞ്ഞൂറിൽപ്പരം വിമാന സർവീസുകൾ മുടങ്ങിയ സാഹചര്യത്തിൽ ഇന്ത്യൻ വ്യോമയാന മേഖല ഏറ്റവും വലിയ പ്രതിസന്ധി നേരിട്ട വർഷമായിരുന്നു 2024 എന്ന ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തിന്റെ സാക്ഷ്യപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മസ്‌ക്കത്തിൽ നടന്ന സുരക്ഷാവാരവും, അതേത്തുടർന്ന് രൂപപ്പെടുത്തിയ മസ്‌ക്കറ്റ് പ്രഖ്യാപന രേഖയും അതീവ പ്രാധാന്യമുള്ളതാണെന്ന് മേഖലയിലെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. Read on deshabhimani.com