അയർലണ്ടിലെ പ്രവാസി ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെ പ്രഥമ ദേശീയ സമ്മേളനം ശനിയാഴ്ച നടക്കും
ഡബ്ലിൻ > അയർലണ്ടിലെ പ്രവാസി ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെ പ്രഥമ ദേശീയ സമ്മേളനം ഒക്ടോബര് 19 ശനിയാഴ്ച ഡബ്ലിനിൽ യുണൈറ്റ് യൂണിയന്റെ ഹെഡ്ക്വാർട്ടേഴ്സിൽ വച്ച് നടക്കും. മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെ വിഭാഗം സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ ആരോഗ്യമേഖലയിലെ വിശിഷ്ടാതിഥികൾക്കൊപ്പം, ഇക്വാലിറ്റി, ഇന്റഗ്രേഷൻ, ഡിസബിലിറ്റി, ചിൽഡ്രൻ വകുപ്പ് മന്ത്രിയായ റോഡറിക് ഓഗോർമാൻ മുഖ്യാതിഥിയാകും. നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി കൌൺസിൽ ഓഫ് അയർലണ്ടിന്റെ സിഇഒ കരോലിൻ ഡോണോഹൂ, ഡയറക്ടർ ഓഫ് രജിസ്‌ട്രേഷൻ ഡോ. റേ ഹീലി, ഇന്ത്യൻ എംബസ്സിയിലെ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷൻ മുരുഗരാജ് ദാമോദരൻ, മൈഗ്രന്റ് റൈറ്റ്സ് സെന്റർ അയർലൻഡ് ഡയറക്ടർ ബിൽ എബം, യുണൈറ്റ് യൂണിയന്റെ റീജിയണൽ കോർഡിനേറ്റർ ടോം ഫിറ്റ്‌സ്ജറാൾഡ് എന്നിവർ സമ്മേളനത്തിൽ സംസാരിക്കും. ഇവരോടൊപ്പം മൈഗ്രന്റ് നഴ്സസ് അയർലൻഡ് ദേശീയ കൺവീനർ, ജോയിന്റ് കൺവീനർ, തുടങ്ങിയ ഭാരവാഹികളും സംഘടനയുടെ പ്രതിനിധികളായ എൻഎംബിയും ബോർഡ് അംഗങ്ങളും സംഘടനയുടെ കേന്ദ്രകമ്മറ്റി അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കും ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെ ഫാമിലി റീ യൂണിഫിക്കേഷൻ എന്ന ആവശ്യം സമ്മേളനത്തിന്റെ ഒന്നാകെ ആവശ്യമായി മന്ത്രിയുടെയും മറ്റ് വിശിഷ്ടാതിഥികൾക്കു മുന്നിൽ അവതരിപ്പിക്കുകയും തുടർന്ന് വിഷയത്തിലുള്ള മന്ത്രിയുടെ പ്രതികരണം സമ്മേളന പ്രതിനിധികൾക്ക് നേരിട്ട് ലഭിക്കുകയും ചെയ്യും. കെയർ അസിസ്റ്റന്റുമാരുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് ഈ സമ്മേളനം വലിയ തോതിൽ സഹായകരമാകുമെന്നും കരുതുന്നു. ഉച്ചയോടു കൂടി സമ്മേളനത്തിന്റെ ഔദ്യോഗിക കാര്യപരിപാടികൾ അവസാനിക്കും. അതിനു ശേഷം കെയർ അസിസ്റ്റന്റുമാർ അവതരിപ്പിക്കുന്ന വർണ്ണാഭമായ കലാപരിപാടികൾ സമ്മേളനത്തിന്റെ മാറ്റ് കൂട്ടും. പങ്കെടുക്കാനാവുന്ന പ്രതിനിധികളുടെ പരമാവധിയിൽ കൂടുതൽ ആളുകൾ സമ്മേളനത്തിലേക്ക് രജിസ്റ്റർ ചെയ്തു കഴിഞ്ഞതിനാൽ ഇനി കൂടുതൽ ആളുകൾക്ക് രജിസ്റ്റർ ചെയ്യാൻ കഴിയുന്നതല്ല. നിലവിൽ രജിസ്റ്റർ ചെയ്ത പ്രതിനിധികൾക്ക് മാത്രമേ സമ്മേളനത്തിൽ പങ്കെടുക്കാൻ സാധിക്കൂ എന്ന് ഭാരവാഹികൾ അറിയിച്ചു. Read on deshabhimani.com