ഒമാന്റെ ദേശീയദിനം; നാടെങ്ങും ആഘോഷം
മസ്‌ക്കത്ത് > ഒമാന്റെ 54ാം ദേശീയദിന ആഘോഷങ്ങൾക്ക് തുടക്കമായി. ദേശീയ പതാകയുടെ വർണങ്ങളിൽ നിറഞ്ഞു രാജ്യം തയ്യാറായി കഴിഞ്ഞു. രാജ്യത്താകെ ആഘോഷത്തിന്റെ ഭാഗമായി സുൽത്താൻ ഹൈതം ബിൻ താരികിന്റെ ചിത്രങ്ങൾ പതിച്ചു. വിവിധ വിലായത്തുകളിലും നഗരപ്രദേശങ്ങളിലും അലങ്കാര ദീപങ്ങൾക്കൊണ്ട് അലങ്കരിച്ചു. ദേശീയ പതാകയുടെ വർണങ്ങളിൽ ദീപാലങ്കാരങ്ങളും പാതയോരങ്ങളിൽ ഒരുക്കിയിട്ടുണ്ട്. സ്വകാര്യസ്ഥാപനങ്ങളും പതാക വർണങ്ങൾ കൊണ്ട് അലങ്കരിച്ച് ദേശീയദിനാഘോഷത്തിൽ പങ്കു ചേരുന്നു. വിവിധ മന്ത്രാലയങ്ങളുടെ സമീപത്തും ഇവിടേക്കുള്ള പാതകളിലുമാണ് കൂടുതൽ അലങ്കാരങ്ങൾ. അലങ്കാര വസ്തുക്കളിൽ ദേശീയ ചിഹ്നങ്ങളും മറ്റും അനുമതി ഇല്ലാതെ ഉപയോഗിക്കുന്നതിന് മന്ത്രാലയം വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങളിൽ വ്യത്യസ്തവും ആകർഷകവുമായ രീതിയിൽ അലങ്കരിക്കുന്നവരുമുണ്ട്. ഇതിന് റോയൽ ഒമാൻ പോലീസ് അനുമതി നൽകുകയും ചെയ്തിട്ടുണ്ട്. അറബ്, വിദേശ രാജ്യങ്ങളിൽ നിന്നുള്ള രാജാക്കന്മാർ, നേതാക്കൾ, കിരീടാവകാശികൾ, രാഷ്ട്രത്തലവൻമാർ, സംഘടനകൾ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരിൽ നിന്ന് 54-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് സുൽത്താൻ ഹൈതം ബിൻ താരിക്കിന് ആശംസകൾ ലഭിച്ചു. മന്ത്രിമാരുടെ കൗൺസിൽ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സെയ്ദ്, പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സെയ്ദ്, മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി എന്നിവർ സുൽത്താൻ രാജാവിന് ആശംസകൾ നേർന്നു. Read on deshabhimani.com