പൊതുമാപ്പ് യുഎഇയിൽ; സഹായഹസ്തവുമായി സാംസ്കാരിക സംഘടനകൾ



അബുദാബി > യുഎഇ ഗവൺമെന്റ് ഞായറാഴ്ച മുതൽ അനുവദിച്ച പൊതുമാപ്പിനു അപേക്ഷിക്കുന്നവരെ സഹായിക്കാനായി അബുദാബിയിലെ വിവിധ ഗവൺമെന്റ് അംഗീകൃത സംഘടനകൾ സജീവമായി രംഗത്ത്. പൊതുമാപ്പ് തേടുന്നവർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകും. അബുദാബിയിലെ അംഗീകൃത സംഘടനകളായ ഇന്ത്യ സോഷ്യൽ ആന്റ് കൾച്ചറൽ സെന്റർ, കേരള സോഷ്യൽ സെന്റർ, അബുദാബി മലയാളി സമാജം, ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ എന്നിവ അവരവരുടെ ആസ്ഥാനങ്ങളിൽ സന്നദ്ധ സേവനങ്ങൾക്കായി ഹെല്പ് ഡസ്കുകൾ ഒരുക്കിയിട്ടുണ്ട്. മലയാളികളുടെ ഉടമസ്ഥതകളിൽ തന്നെ ടൈപ്പിങ് കേന്ദ്രങ്ങളും പൊതുമാപ്പിനപേക്ഷിക്കുന്നവർക്ക് കൂടുതൽ സഹായമാകുംവിധം പ്രവർത്തനസജ്ജമാണ്. വർഷങ്ങളായി അനധികൃതമായി കഴിയുന്ന ഒട്ടേറെ പേർ യുഎഇയിലുണ്ട്. സാമ്പത്തിക പ്രതിസന്ധികളിൽപ്പെട്ടതുകാരണമാണ് ഭൂരിഭാഗംപേർക്കും താമസരേഖകൾ പുതുക്കാൻ സാധിക്കാതെയായത്. യുഎഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് ഞായറാഴ്ച മുതൽ പ്രാബല്യത്തിലാകും. സംഘടനകളും എംബസികളും കോൺസുലേറ്റുകളുമെല്ലാം തങ്ങളുടെ പൗരരെ പൊതുമാപ്പിൽ ഉൾപ്പെടുത്തി തിരിച്ചയക്കാനുള്ള തയ്യാറെടുപ്പിലാണ്. അതിനായുള്ള അപേക്ഷകളും മറ്റും നൽകി കൃത്യസമയത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. പാസ്പോർട്ട് ഇല്ലാത്തവർ, പാസ്പോർട്ട് നഷ്ടപ്പെട്ടവർ എക്സിസ്റ്റ് രേഖ ലഭ്യമാക്കുന്നതിനുവേണ്ടി ബിഎൽഎസ്സിന്റെ അബുദാബി റീം ഐലന്റ്, മുസഫ എന്നിവിടങ്ങളിലെ ഓഫീസുമായി ബന്ധപ്പെടണമെന്നും മറ്റ് സഹായങ്ങൾക്കായി അൽദഫ്ര, ഷഹാമ, സുവൈഫാൽ, അൽ മഖാം എന്നിവിടങ്ങളിലെ ഐസിപി ഓഫീസുകളുമായും ബന്ധപ്പെടേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും മറ്റു സഹായങ്ങൾക്കും 02 6424488 /02 6730066 /02 6314455 /02 5537600 എന്നീ അബുദാബി അംഗീകൃത സംഘടനകളുടെ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.   Read on deshabhimani.com

Related News