കുവൈത്തിൽ 60 കഴിഞ്ഞ ബിരുദധാരികൾ അല്ലാത്ത പ്രവാസികളുടെ താമസരേഖ പുതുക്കൽ നിയന്ത്രണം പിൻവലിച്ചേക്കും



കുവൈത്ത് സിറ്റി > കുവൈത്തിൽ മൂന്ന് വർഷത്തെ നിയന്ത്രണങ്ങൾക്ക് ശേഷം 60 വയസ്സിനു മുകളിൽ പ്രായമായ ബിരുദധാരികൾ അല്ലാത്ത പ്രവാസികൾക്ക് താമസ രേഖ പുതുക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കാൻ ആലോചന. ഇതുമായി ബന്ധപ്പെട്ട തീരുമാനം പുന പരിശോധിക്കുവാൻ ഒന്നാം ഉപപ്രധാന മന്ത്രിയും ആഭ്യന്തര പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫ് മാനവ ശേഷി സമിതി അധികൃതർക്ക് പ്രത്യേകം നിർദേശം നൽകിയതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. പരിചയ സമ്പന്നരായ തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നീക്കം നടക്കുന്നത്.  2021 ജനുവരി ഒന്ന് മുതലാണ് 60 വയസ്സ് പ്രായമായ ബിരുദധാരികൾ അല്ലാത്ത പ്രവാസികൾക്ക് താമസ രേഖ പുതുക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയത്.ഈ തീരുമാനം പ്രകാരം  ഈ വിഭാഗത്തിൽ പെട്ടവർക്ക് താമസ രേഖ പുതുക്കുന്നതിന് ഫീസ്, ഇൻഷുറൻസ് ഉൾപ്പെടെ പ്രതി വർഷം 1000 ദിനാറോളം ചെലവ് വന്നിരുന്നു. സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന കരാർ കമ്പനികളിലെ ജീവനക്കാർക്ക് കഴിഞ്ഞ മാസം ഈ നിയന്ത്രണം എടുത്തു മാറ്റിയിരുന്നു. അടുത്തിടെ ആഭ്യന്തര മന്ത്രാലയം തൊഴിൽ വിപണി പരിഷ്‌ക്കരിക്കാൻ നിരവധി തിരുത്തൽ നടപടികൾ സ്വീകരിച്ചിരുന്നു. സർക്കാർ കരാറുകളിൽ നിന്ന് പ്രവാസി ജീവനക്കാരെ സ്വകാര്യ മേഖലയിലേക്കും വീട്ടുജോലിക്കാർക്ക് സ്വകാര്യ തൊഴിൽ വിസയിലേക്ക് മാറാൻ അനുവദിച്ചിരുന്നു. Read on deshabhimani.com

Related News