ഷാർജ അന്താരാഷ്‌ട്ര പുസ്തകമേള അടുത്തമാസം ആറു മുതൽ



അബുദാബി > ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളകളിലൊന്നായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളക്ക് (എസ്ഐബിഎഫ് 2024) ഒരുക്കം പൂര്‍ത്തിയായതായി ഷാര്‍ജ ബുക്ക് അതോറിറ്റി (എസ്ബിഎ) സിഇഒ അഹമ്മദ് ബിന്‍ റക്കദ് അല്‍ അമേരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ‘തുടക്കം ഒരു പുസ്തകം' എന്ന പ്രമേയത്തിലുള്ള 43-മത് അന്താരാഷ്ട്രപുസ്തകമേള നവംബര്‍ ആറ് മുതല്‍ 17 വരെ ഷാര്‍ജ എക്സ്‌പോ സെന്ററില്‍ നടക്കും. കേരളത്തിൽ നിന്നുള്ള അതിഥിയായി കവി റഫീഖ് അഹമ്മദും, ഇന്ത്യന്‍ നടിയും എഴുത്തുകാരിയുമായ ഹുമ ഖുറൈഷിയും മേളയില്‍ പങ്കെടുക്കും. ഇത്തവണ 112 രാജ്യങ്ങളില്‍നിന്നുള്ള 2522 പ്രസാധകരും പ്രദര്‍ശകരുമാണ്‌ മേളയിൽ പങ്കെടുക്കുന്നത്‌. 400-ലേറെ എഴുത്തുകാര്‍ അവരുടെ ഏറ്റവും പുതിയ കൃതികളും 63 രാജ്യങ്ങളില്‍നിന്നുള്ള 250 അതിഥികള്‍ നയിക്കുന്ന 1357 സാംസ്‌കാരിക പരിപാടികളും മേളയിലുണ്ടാവും. 17 അന്താരാഷ്ട്ര ഷെഫുമാരുടെ നേതൃത്വത്തില്‍ ലൈവ് പാചക സെഷനുകളും പരിപാടിയിൽ ഉണ്ടായിരിക്കും. വിയറ്റ്നാം, ഒമാന്‍, സ്ലോവേനിയ, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്ന് ഉള്‍പ്പെടെ 13 രാജ്യങ്ങളില്‍നിന്ന് 17 ഷെഫുമാരെത്തും. എല്ലാ പ്രായക്കാര്‍ക്കുമായി ഏതാണ്ട് 600 വര്‍ക്ക്ഷോപ്പുകള്‍ നടത്തും. ക്രിയേറ്റീവ് റൈറ്റിങ് രംഗത്തെ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത എക്സ്‌ക്ലൂസീവ് വര്‍ക്ക്‌ഷോപ്പുകളുമുണ്ടായിരിക്കും. കവിത പെയ്യുന്ന രാത്രികളാണ് 43-ാമത് പുസ്തകമേളയിലെ സവിശേഷത. റഫീഖ് അഹമ്മദ് കവിതകള്‍ അവതരിപ്പിക്കും. എല്ലാ ദിവസവും വൈകീട്ട് ഏഴ് മണിക്ക് കവിതാലാപന പരിപാടികള്‍ അരങ്ങേറും. മലയാളം, അറബി, ഇംഗ്ലീഷ്, ഉറുദു, പഞ്ചാബി, തഗാലോഗ് എന്നിങ്ങനെ ആറ് വ്യത്യസ്ത ഭാഷകളിലായാണ് കാവ്യരാത്രി നടക്കുക. മൊറോക്കോയാണ് പുസ്തകമേളയിലെ അതിഥി രാജ്യം. മൊറോക്കോയുടെ സമ്പന്നമായ ചരിത്രവും സാഹിത്യ സാംസ്‌കാരിക പൈതൃകവും പ്രദര്‍ശിപ്പിക്കുന്ന പ്രത്യേക പരിപാടികളും അരങ്ങേറും. Read on deshabhimani.com

Related News