ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്കുള്ള കയറ്റുമതിയിൽ വന്‍വര്‍ധന



കുവൈത്ത് സിറ്റി > ഇന്ത്യ - കുവൈത്ത്  വ്യാപാരത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷമുണ്ടായത് വന്‍വര്‍ധന. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ കുവൈത്തിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതി 210 കോടി ഡോളറിലെത്തി. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ രേഖപ്പെടുത്തിയ 156 കോടി യുഎസ് ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 34.78 ശതമാനം വര്‍ധനവാണ് കയറ്റുമതിയിലുണ്ടായത്. വിമാനങ്ങളുടെയും ബഹിരാകാശ പേടകങ്ങളുടെയും സ്പെയർ പാർട്സ്  കയറ്റുമതിയാണ് മുന്നില്‍ നില്‍ക്കുന്നത്. ധാന്യങ്ങളും വിലയേറിയതും അമൂല്യവുമായ രത്‌നങ്ങളുടെയും കയറ്റുമതിയിലും വർധനവുണ്ടായി. ആഭരണങ്ങള്‍, നാണയങ്ങള്‍, വാഹനങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിയില്‍ വര്‍ധനവ് രേഖപ്പെടുത്തി. കയറ്റുമതിയിലുണ്ടായ വളര്‍ച്ച ഇന്ത്യയും കുവൈത്തും  തമ്മിലുള്ള  വ്യാപാര ബന്ധത്തിന് അടിവരയിടുന്നതായും കുവൈത്തിൽ ഇന്ത്യൻ ഉൽപന്നങ്ങൾക്കുള്ള വർദ്ധിച്ചുവരുന്ന ആവശ്യം ഉയർത്തിക്കാട്ടുന്നതായും മന്ത്രാലയം അറിയിച്ചു. ഇരു രാജ്യങ്ങളും ചരിത്രപരമായി ശക്തമായ ഉഭയകക്ഷി ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളാണ്. ഏറ്റവും പുതിയ ഒപെക് ഡാറ്റ അനുസരിച്ച്, കുവൈത്തില്‍ 101.5 ബില്യണ്‍ ബാരല്‍ ക്രൂഡ് ഓയില്‍ ശേഖരം ഉണ്ട്. ഇത് ലോകത്തിലെ മൊത്തം കരുതല്‍ ശേഖരത്തിന്റെ ആറ് ശതമാനമാണ്. കൂടാതെ, കുവൈത്ത്  പ്രകൃതി വാതക ശേഖരം 1,784 ബില്യണ്‍ ക്യുബിക് മീറ്റര്‍ (അല്ലെങ്കില്‍ ഏകദേശം 63 ട്രില്യണ്‍ ക്യുബിക് അടി) ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇത് ആഗോള ഊര്‍ജ മേഖലയിലെ ഒരു പ്രധാന ശക്തിയായി കുവൈത്തിനെ  മാറ്റി. ഇന്ത്യയുമായുള്ള  കയറ്റുമതി വളര്‍ച്ച ഇരു രാജ്യങ്ങളും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക ഇടപാടുകളെ പ്രതിഫലിപ്പിക്കുന്നു. ഭാവിയില്‍ ഉഭയകക്ഷി വ്യാപാര വിപുലീകരണത്തിന് കൂടുതല്‍ അവസരങ്ങള്‍ തുറക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രാലയം അറിയിച്ചു.   Read on deshabhimani.com

Related News