സംഘടിത ക്രിമിനൽ സംഘത്തെ വിചാരണ ചെയ്യാൻ ഉത്തരവിട്ട് യുഎഇ
ദുബായ് > സുരക്ഷ, പൊതുക്രമം, സാമൂഹിക സമാധാനം എന്നിവയ്ക്ക് ഭീഷണിയായിട്ടുള്ള സംഘടിത ക്രിമിനൽ സംഘത്തെ വിചാരണ ചെയ്യാൻ ഉത്തരവിട്ട് യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി. 'ബഹ്‌ലൗൽ' സംഘം എന്നറിയപ്പെടുന്ന ക്രിമിനൽ സംഘടന രൂപീകരിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും നൂറിലധികം പ്രതികൾക്ക് പങ്കുള്ളതായി കണ്ടെത്തി. പബ്ലിക് പ്രോസിക്യൂഷൻറെ ഏഴ് മാസത്തിലധികം നീണ്ടുനിന്ന അന്വേഷണത്തെത്തുടർന്നാണ് ഇത് കണ്ടെത്തിയത്. അധികാരവും സ്വാധീനവും ചെലുത്തി നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുക, അനധികൃത പണം സ്വരൂപിക്കുക തുടങ്ങിയ കുറ്റങ്ങളാണ് 'ബഹ്‌ലൗൽ' സംഘത്തിനെതിരെ ചുമത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ സംഘം ക്രിമിനൽ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയും നിരോധിത ഉപകരണങ്ങളും ആയുധങ്ങളും ഉപയോഗിച്ച് ഇരകളെ ഭീഷണിപ്പെടുത്തി അവരിൽ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്യുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. രാജ്യത്ത് ക്രിമിനൽ പ്രവൃത്തികൾ ചെയ്യുന്നത് ആരായാലും പബ്ലിക് പ്രോസിക്യൂഷൻ നിർണ്ണായകമായി നിയമം നടപ്പാക്കുമെന്ന് യുഎഇ അറ്റോർണി ജനറൽ വ്യക്തമാക്കി. നിയമ നിർവ്വഹണ അധികാരികൾ അതീവ ജാഗ്രതയോടെയാണ് തങ്ങളുടെ ചുമതലകൾ നിർവഹിക്കുന്നതെന്ന് യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി പറഞ്ഞു. എല്ലാ പൗരന്മാരോടും താമസക്കാരോടും എന്തെങ്കിലും കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് അറ്റോർണി ജനറൽ അഭ്യർത്ഥിച്ചു. Read on deshabhimani.com