പൊതു ലൈബ്രറികളെ പിന്തുണയ്ക്കൽ 45 ലക്ഷം ദിർഹം അനുവദിച്ച്‌ ഷാർജ ഭരണാധികാരി



ഷാർജ> ഷാർജയിലെ പൊതു ലൈബ്രറികളെ പിന്തുണയ്ക്കുന്നതിനായി അറബിക് ഉൾപ്പെടെയുള്ള പ്രസാധകരിൽനിന്ന്‌ പുതിയ പ്രസിദ്ധീകരണങ്ങൾ വാങ്ങാനായി 45 ലക്ഷം ദിർഹം അനുവദിച്ച്‌ ഷാർജ ഭരണാധികാരി സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ഷാർജയിലെയും യുഎഇയിലെ മറ്റു എമിറേറ്റുകളിലേയും വായനക്കാർക്കും വിദ്യാർഥികൾക്കും ഗവേഷകർക്കും അറിവ്‌ വിപുലീകരിക്കുന്നതിനും പുസ്‌തക വ്യവസായത്തെ ശാക്തീകരിക്കുന്നതിനും വേണ്ടിയാണ് സുൽത്താൻ വർഷംതോറും ഈ തുക അനുവദിക്കുന്നത്.   പ്രസിദ്ധീകരണ മേഖലയെ ശക്തിപ്പെടുത്തുന്നതിനും പൊതു ലൈബ്രറികൾ നവീകരിക്കുന്നതിനും വേണ്ടിയുള്ള ശ്രമങ്ങളുടെ തുടർച്ചയെന്നോണമാണ് അദ്ദേഹം തുക അനുവദിക്കുന്നതെന്നും ഷാർജ പുസ്‌തക അതോറിറ്റി ചെയർപേഴ്‌സൺ ഷെയ്‌ഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി പറഞ്ഞു. സമഗ്രവും സുസ്ഥിരവുമായ സാംസ്‌കാരിക നവോത്ഥാനം കൈവരിക്കുന്നതിന് വിജ്ഞാന സമൂഹം കെട്ടിപ്പടുക്കേണ്ടത് സുപ്രധാനമാണ്‌. സമൂഹത്തിന്റെ നവോത്ഥാനം സാധ്യമാക്കുന്നതിൽ പ്രസാധകർ നിർണായക പങ്കാണ് വഹിക്കുന്നത്. ലോകത്ത് പ്രസിദ്ധീകരിക്കുന്ന പുതിയ പ്രസിദ്ധീകരണങ്ങളും ഗവേഷണങ്ങളും സമൂഹത്തിലെത്തിക്കാൻ ഷാർജയ്ക്ക് പ്രത്യേക താൽപ്പര്യമാണുള്ളത്. പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചും വിവർത്തനം ചെയ്തും സാംസ്‌കാരിക നവോത്ഥാനത്തെ ശക്തിപ്പെടുത്തുന്ന പ്രവർത്തനമാണ് പ്രസിദ്ധീകരണ മേഖലയിലുള്ളവർ ചെയ്യുന്നത്. അതിനാൽ പ്രസാധകരെ പിന്തുണയ്ക്കുന്ന സമഗ്ര പ്ലാറ്റ്ഫോം എന്ന നിലയിൽ ഷാർജ പുസ്തകമേള വലിയ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നുവെന്നും ഷെയ്‌ഖ ബുദൂർ കൂട്ടിച്ചേർത്തു. ഷാർജ ഭരണാധികാരി അനുവദിക്കുന്ന തുകയിലൂടെ പൊതു, സ്വകാര്യ ലൈബ്രറികൾക്ക് ആയിരക്കണക്കിന് പുസ്തകങ്ങളാണ് ലഭിക്കുന്നത്. പ്രാദേശികവും ആഗോളതലത്തിലുള്ളതുമായ വിജ്ഞാന സമൂഹത്തെ ശക്തിപ്പെടുത്തുന്നതിനും ശാസ്ത്രീയ ഗവേഷണം സാധ്യമാക്കുന്നതിനും ഇത് സഹായിക്കുന്നുവെന്നും അവർ പറഞ്ഞു. Read on deshabhimani.com

Related News