വാഹനാപകടത്തിൽ പരിക്കേറ്റ വയനാട് സ്വദേശി മരിച്ചു



ബുറൈദ> അമിത വേഗത്തിൽ പിറകിലേക്കെടുത്ത സ്വദേശി പൗരന്റെ വാഹനമിടിച്ച്‌ ഗുരുതരമായി പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന വയനാട് സ്വദേശി മരിച്ചു. സുൽത്താൻ ബത്തേരി സ്വദേശി കൊക്കനാടൻ വീട്ടിൽ മുഹമ്മദ് റാഫി (54) ആണ്‌ ബുറൈദ സെൻട്രൽ ആശുപത്രിയിൽ മരിച്ചത്‌. കൊക്കനാടൻ വീട്ടിൽ മുഹമ്മദ് മരക്കാർ ഖദീജ മുഹമ്മദ് ദമ്പതികളുടെ മകനാണ്. കഴിഞ്ഞ മാസം 28ന് രാത്രി സുഹൃത്തിനൊപ്പം ബുറൈദ ദാഹിലിയ മാർക്കറ്റിൽനിന്ന്‌ അവശ്യ സാധനങ്ങൾ വാങ്ങി മടങ്ങവെയായിരുന്നു അപകടം. പിന്നിൽനിന്ന്‌ അമിത വേഗതയിൽ വന്ന കാർ റാഫിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സുഹൃത്ത് നിസാര പരിക്കോടെ രക്ഷപ്പെട്ടു. റാഫി 32 വർഷമായി ബുറൈദയിൽ തയ്യൽ ജോലി ചെയ്ത് വരികയായിരുന്നു. ഖസീം പ്രവാസി സംഘം ഷാര സന യൂണിറ്റ് അംഗമായിരുന്ന റാഫി പ്രദേശത്തെ സ്വദേശികൾക്കും വിദേശികൾക്കുമിടയിൽ ഒരുപോലെ സ്വീകാര്യതയുള്ള വ്യക്തിയായിരുന്നു. പ്രവാസി സംഘം ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നിയമ നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം ബുറൈദ ഖലീജ് ഖബറിസ്ഥാനിൽ ഖബറടക്കി. ഭാര്യ: ഹാജറ. മക്കൾ: അനസ്, അനീഷ്, റഫാൻ. Read on deshabhimani.com

Related News