ശരീരം തളർന്ന് കിടപ്പിലായ പാറശ്ശാല സ്വദേശിക്ക്‌ തുണയായി കേളി



റിയാദ്>  ശരീരം തളർന്ന് കിടപ്പിലായ പാറശ്ശാല സ്വദേശിക്ക്‌  തുണയായി കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം. മൂന്ന് വർഷം മുമ്പ്‌ കന്യാകുമാരി പാറശ്ശാല സ്വദേശിയായ സ്റ്റാലിൻ റിയാദിൽ വച്ച്‌ ശരീരം തളർന്ന് കിടപ്പിലാകുകയായിരുന്നു. റിയാദിലെ അൽഖർജ് പ്രവിശ്യയിൽ കെട്ടിട നിർമാണ തൊഴിലാളിയായിരുന്നു സ്റ്റാലിൻ. വിദഗ്ദ ചികിൽസക്ക് നാട്ടിലയക്കാനായി സ്പോൺസർ എക്സിറ്റ് അടിക്കുന്നതിനായി ശ്രമിച്ചപ്പോഴാണ് ഇദ്ദേഹത്തിന്റെ പേരിൽ കേസ് ഉള്ളതായി അറിയുന്നത്.  വിവിധ സംഘടനകളുടെ സഹായത്തോടെ കേസിന്റെ വിശദാംശങ്ങൾ ആരായാൻ ശ്രമിച്ചെങ്കിലും കൃത്യമായ വിവരങ്ങൾ ലഭിച്ചില്ല. തുടർന്ന് കേളി കേന്ദ്ര ജീവകാരുണ്യ കമ്മറ്റി അംഗവും അൽഖർജ് ഏരിയ കൺവീനറുമായ നാസർ പൊന്നാനി ഇന്ത്യൻ എംബസി മുഖേന നടത്തിയ അന്വേഷണത്തിലാണ് റിയാദിലെ ബത്ത സ്റ്റേഷനിൽ മദ്യവുമായി ബന്ധപ്പെട്ട കേസുള്ളതായി അറിഞ്ഞത്‌. സ്റ്റാലിൻ ബത്തയിൽ പോയ്‌ തിരിച്ചു വരും വഴി ടാക്സിയിൽ ഉണ്ടായിരുന്ന രണ്ട് അറബ് വംശജർ വഴക്കടിക്കുകയും ഡ്രൈവർ പൊലീസിനെ വിളിച്ചു വരുത്തുകയും ചെയ്തതു.പൊലീസിനെ കണ്ടതും വഴക്ക് കൂടിയവർ റോഡ് മുറിച്ചു കടന്ന് ഓടി രക്ഷപ്പെട്ടു. പൊലീസ് വാഹനം പരിശോധിക്കുകയും വാഹനത്തിൽ നിന്നും മദ്യം പിടികൂടുകയും ചെയ്തു. തുടർന്ന് ബത്ത പോലീസ് സ്റ്റേഷനിൽ ഹാജരാക്കിയ ഡ്രൈവറെയും സ്റ്റാലിനെയും  രണ്ട് മണിക്കൂറിനകം പറഞ്ഞു വിട്ടു. തുടർന്ന് നാസർ പൊന്നാനി ബത്ത സ്റ്റേഷനിലെ മുതിർന്ന പൊലീസ് ഉദ്യാഗസ്ഥനെ കണ്ട് സ്റ്റാലിന്റെ വിവരങ്ങൾ ധരിപ്പിച്ചു.  രേഖകൾ പരിശോധിച്ച പൊലീസ് മേധാവി കേസ് റദ്ദ് ചെയ്യാനും എക്സിറ്റ് അടിക്കുന്നതിനും വേണ്ട കാര്യങ്ങൾ ചെയ്തു കൊടുത്തു.   Read on deshabhimani.com

Related News