അബുദാബിയിൽ സ്കൂൾ ബസിൽ സുരക്ഷയ്ക്കായി ‘സലാമ’ ആപ്പ്



അബുദാബി> സ്‌കൂൾ ബസുകളിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ അബുദാബി തുടർനടപടികൾ സ്വീകരിക്കുന്നു. വിദ്യാർത്ഥികളുടെ സുരക്ഷക്കായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ  ഒരു സ്മാർട്ട് ആപ്ലിക്കേഷനാണ്  പുറത്തിറക്കിയത് . സ്കൂളിലേക്കും തിരിച്ചുമുള്ള ബസ് യാത്രകൾ നിരീക്ഷിക്കാൻ ഈ ആപ്പിലൂടെ മാതാപിതാക്കൾക്ക് സാധിക്കും. 'സലാമ' എന്ന ആപ്പ് വിദ്യാർത്ഥികളുടെ ഹാജർ രേഖപ്പെടുത്തുകയും ബസ് സൂപ്പർവൈസർമാരുമായും ഓപ്പറേറ്റർമാരുമായും നേരിട്ട് ആശയവിനിമയം നടത്താൻ രക്ഷിതാക്കളെ പ്രാപ്തരാക്കുകയും ചെയ്യുന്നു. സ്‌കൂൾ ബസിൽ നിന്ന് വിദ്യാർത്ഥികൾ കയറുന്നതും ഇറങ്ങുന്നതും സംബന്ധിച്ച അപ്‌ഡേറ്റുകൾ,  സ്‌കൂളിലോ വീട്ടിലോ എത്തിച്ചേരുന്ന സമയം എന്നിവയും  അറിയിപ്പുകളിലൂടെ ലഭ്യമാകും. ഗതാഗതക്കുരുക്കും സ്‌കൂളുകളിലേക്കും തിരിച്ചുമുള്ള വിദ്യാർത്ഥികളുടെ യാത്രയുടെ ആരംഭ സമയവും പിക്ക്-അപ്പ്, ഡ്രോപ്പ് സമയങ്ങൾ ട്രാക്ക് ചെയ്ത് സ്‌കൂൾ ട്രാൻസ്‌പോർട്ട് ജീവനക്കാരുടെ പ്രകടനം വിലയിരുത്താനും  ഈ സംരംഭത്തിലൂടെ സാധിക്കും. അബുദാബിയിലെ സ്കൂളുകളിലെ എല്ലാ വിദ്യാർത്ഥികൾക്കും ആപ്ലിക്കേഷൻ അതിന്റെ ആദ്യ ഘട്ടത്തിൽ ലഭ്യമാണ്. അബുദാബി, അൽ ഐൻ, അൽ ദഫ്ര മേഖലയിലെ സ്വകാര്യ സ്‌കൂളുകൾ, നഴ്‌സറികൾ, 768 സ്‌കൂൾ ബസ് ഓപ്പറേറ്റർമാർ, ട്രാൻസ്‌പോർട്ട് കോ-ഓർഡിനേറ്റർമാർ, സൂപ്പർവൈസർമാർ തുടങ്ങി 256 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഇതുമായി ബന്ധപ്പെട്ട പരിശീലന സെഷനുകളിൽ പങ്കെടുത്തു.   Read on deshabhimani.com

Related News