ഭക്ഷ്യവിഷബാധ; കേസ് തീരും വരെ വിദേശ തൊഴിലാളികൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തും.
റിയാദ് > ഭക്ഷ്യവിഷബാധയുണ്ടെന്ന് സംശയിക്കുന്ന കേസുകളുടെ അന്വേഷണം പൂർത്തിയാകുന്നതുവരെ ഭക്ഷണശാലകളിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തും. സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പുതിയ നിയമങ്ങളിലെ വ്യവസ്ഥകളിലൊന്നാണിത്. ഭക്ഷ്യവിഷബാധയോ ഭക്ഷ്യവിഷബാധയുണ്ടെന്ന് സംശയിക്കുന്നതോ ആയ സാഹചര്യത്തിൽ കർശനമായ നിയമങ്ങളും പ്രോട്ടോക്കോളുകളും പാലിക്കാൻ നിർബന്ധമാക്കുന്ന നിയമങ്ങൾ കൊണ്ടുവരുന്നതിന് മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയവുമായി ധാരണയിലെത്താൻ അതോറിറ്റി പദ്ധതിയിടുന്നു. ഭക്ഷ്യവിഷബാധയോ ഭക്ഷ്യവിഷബാധയെന്ന് സംശയിക്കുന്നതോ ആയ സാഹചര്യത്തിൽ തൊഴിലാളികളെ രാജ്യം വിടാൻ അനുവദിക്കരുതെന്നും സ്ഥാപനത്തിലെ തൊഴിലാളികളുടെ പട്ടിക ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും അതോറിറ്റി പറഞ്ഞു. അന്വേഷണങ്ങൾ പൂർത്തിയാകുന്നതുവരെ യാത്രാ നിരോധന ഉത്തരവ് പുറപ്പെടുവിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് ഒരു അപേക്ഷ സമർപ്പിക്കും. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾക്ക് അന്തിമരൂപം നൽകുന്നതിന് മുമ്പ് പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നതിനായി, ഭക്ഷ്യ നിയമത്തിൻ്റെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളിൽ ഉൾപ്പെടുത്തി എസ്എഫ്ഡിഎ ഈ പുതിയ ഭേദഗതി 'ഇസ്തിത്‌ലാ പ്ലാറ്റ്‌ഫോമിൽ' അവതരിപ്പിച്ചു. Read on deshabhimani.com