വ്യോമ പ്രതിരോധ സേനയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ പരിശോധന നടത്തി പ്രതിരോധ മന്ത്രി
കുവൈത്ത് സിറ്റി > പശ്ചിമേഷ്യയിൽ രൂപപ്പെട്ട സംഘർഷ സാഹചര്യത്തിൽ ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് വ്യോമ പ്രതിരോധ സേനയുടെ നിരവധി കേന്ദ്രങ്ങൾ സന്ദർശിച്ചു സ്ഥിതി ഗതികൾ വിലയിരുത്തി. എയർ ഡിഫൻസ് ഫോഴ്‌സ് കമാൻഡർ മേജർ ജനറൽ ഖാലിദ് അൽ ശുറൈയാനും വ്യോമസേന ഉദ്യോഗസ്ഥരും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ സാങ്കേതിക സന്നദ്ധത ഷെയ്ഖ് ഫഹദ് അൽ-യൂസഫ് പരിശോധിച്ചു. നിലവിലെ സാഹചര്യത്തിൽ അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിനു വ്യോമ പ്രതിരോധ സേന സ്വീകരിച്ചു വരുന്ന മുൻ കരുതൽ നടപടികൾ ഉയർന്ന ഉദ്യോഗസ്ഥർ മന്ത്രിയോട് വിശദീകരിച്ചു. രാജ്യത്തിന്റെ വ്യോമാതിർത്തികളിൽ നിരീക്ഷണം ശക്തിപ്പെടുത്തിയതായും ഉദ്യോഗസ്ഥർ മന്ത്രിയെ അറിയിച്ചു.പ്രതിരോധ സംവിധാനങ്ങളുടെ ശേഷി വർദ്ധിപ്പിക്കുവാനും കനത്ത ജാഗ്രത പാലിക്കുവാനും മന്ത്രി ആവശ്യപ്പെട്ടു. രാജ്യത്തിൻ്റെ വ്യോമാതിർത്തി സംരക്ഷിക്കുന്നതിൽ വ്യോമ പ്രതിരോധ സേനയുടെ നിർണായക പങ്കിനെ അദ്ദേഹം പ്രശംസിച്ചു. Read on deshabhimani.com