ഗാസയിലും ലെബനാനിലും അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് ഒമാൻ



മസ്‌ക്കത്ത് > ഗാസയിലും ലെബനാനിലും അടിയന്തര വെടിനിർത്തൽ ഉടൻ പ്രഖ്യാപിക്കണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി. ന്യൂയോർക്കിൽ സെപ്തംബർ 28ന് നടന്ന യുഎൻ ജനറൽ അസംബ്ലിയുടെ 79-ാമത് സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര സുരക്ഷയും സമാധാനവും ഊട്ടിയുറപ്പിക്കാൻ സുൽത്താനേറ്റിൽ നിന്നുള്ള എല്ലാ സഹായങ്ങളും അദ്ദേഹം സഭയ്ക്ക് വാഗ്ദാനം ചെയ്തു. ഒമാൻ അടിയന്തിര വെടി നിർത്തൽ ആവശ്യപ്പെടുന്നതായും, ഗാസയിലെയും, ലബനോനിലെയും, ചെങ്കടൽ മേഖലയിലെയും സമാധാനം പുനഃസ്ഥാപിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. പലസ്തീൻ പ്രശ്നത്തിന്റെ മൂലകാരണം വിലയിരുത്തി പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്നും, ഇസ്രായേൽ അധിനിവേശം എത്രയും വേഗം അവസാനിപ്പിച്ച് പലസ്തീൻ ജനതയ്ക്ക് സ്വതന്ത്ര ജീവിതം തിരികെ നൽകണമെന്നും അദ്ദേഹം പറഞ്ഞു. ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ പൂർവ്വജറുസലെം ആസ്ഥാനമാക്കി പലസ്തീനെ സ്വതന്ത്ര പരമാധികാര രാജ്യമായി അംഗീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതോടൊപ്പം ഐക്യരാഷ്ട്ര സഭയിൽ പലസ്തീന് പൂർണ അംഗത്വം നൽകണമെന്നും, ഇസ്രായേലിൻറെ വംശഹത്യ അവസാനിപ്പിച്ച് മാസങ്ങളായി തുടരുന്ന ദുരിതത്തിൽ നിന്ന് പലസ്തീൻ ജനതയെ കരകയറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മേഖലയിലെ സംഘർഷങ്ങൾ കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കണമെന്നും, അതിലേക്കായി തുടർചർച്ചകളും, അന്താരാഷ്ട്ര നിയമങ്ങളും, യു എൻ ചാർട്ടറും ഉൾപ്പടെ സാധ്യമായ മറ്റെല്ലാ മാർഗ്ഗങ്ങളും ഉപയോഗപ്പെടുത്തണമെന്നും, രാഷ്ട്രങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കുന്ന തരത്തിൽ ആഭ്യന്തര വിഷയങ്ങളിൽ മറ്റു രാഷ്ട്രങ്ങളുടെ അനാവശ്യ ഇടപെടൽ ഒഴിവാക്കണമെന്നും, പൗരൻമാർക്ക് സുരക്ഷിതവും, സമാധാനപൂർണവും, അന്തസ്സുറ്റതുമായ ജീവിതം ഉറപ്പു നൽകണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.   Read on deshabhimani.com

Related News