ഒമാന്റെ ആകാശം വർണ്ണ കാഴ്ചകളുടെ ഉൽക്കാവർഷത്തിന് ഒരുങ്ങുന്നു



മസ്‌കത്ത്‌ > ഒമാനിൽ ഡിസംബർ 13, 14 തീയതികളിൽ മാനത്ത് ഉൽക്കാവർഷമെത്തുന്നു. വെള്ളി രാത്രിയും ശനി രാവിലെയും ജെമിനിഡ് ഉൽക്കാവർഷം ഉച്ചസ്ഥായിയിൽ എത്തുമെന്ന് ഒമാനി ജ്യോതിശാസ്ത്ര സൊസൈറ്റി അംഗം റയാൻ ബിൻത് സഈദ് അൽ റുവൈഷ്ദി പറഞ്ഞതായി ഒമാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ജെമിനി രാശിയിൽ നിന്ന് ഉത്ഭവിച്ചതിനാൽ ജെമിനിഡ്‌സ് എന്നറിയപ്പെടുന്ന ഉൽക്കാവർഷത്തിന്റെ പതനത്തിന് ഈ മാസം സാക്ഷ്യം വഹിക്കുമെന്നും അവർ പറഞ്ഞു. ജെമിനിഡുകൾ അവയുടെ തിളക്കത്തിനും നിറത്തിനും പേരുകേട്ടതാണെന്നും എന്നാൽ ഈ വർഷം പൂർണ്ണ ചന്ദ്രൻ ഏറ്റവും ഉയർന്ന രൂപത്തിലാകുന്നത് മങ്ങിയ ഉൽക്കകളെ മറച്ചേക്കാമെന്നും അവർ പറഞ്ഞു. ഉൽക്കാവർഷം മനോഹരമായ കാഴ്ചാനുഭവം സാധ്യമാകാൻ  പ്രകാശം കൂടുതൽ എത്തുന്ന പ്രതലത്തിൽ നിന്ന് മാറി ഇരുണ്ടതും തുറന്നതുമായ സ്ഥലം കണ്ടെത്തുക. നേരം വെളുക്കുന്നതിന് മുമ്പ് കിഴക്കൻ ചക്രവാളത്തിലാകും കാഴ്ച കാണാനാകുക. നഗ്നനേത്രങ്ങൾകൊണ്ട് ഉൽക്കാവർഷം കാണാനാകും.  1983-ൽ ഇൻഫ്രാറെഡ് ആസ്ട്രോണമിക്കൽ സാറ്റലൈറ്റ് (IRAS) കണ്ടെത്തിയ ഛിന്നഗ്രഹം 3200 ഫേത്തോൺ ആണ് ജെമിനിഡ് ഉൽക്കാവർഷത്തിൻ്റെ ഉറവിടം.  ഫേത്തോൺ അവശേഷിപ്പിച്ച അവശിഷ്ടങ്ങളുടെ പാതയിലൂടെ ഭൂമി കടന്നുപോകുമ്പോഴാണ് ഉൽക്കാവർഷം പ്രത്യക്ഷമാകുന്നത്. ജെമിനിഡ് ഉൽക്കാവർഷത്തിനു പുറമേ, ഹാർട്ട് ഓഫ് ലിയോ, സിറിയസ്, കനോപ്പസ്, ആൽഡെബറാൻ, അൽ-അയ്യൂക്ക്, കൂടാതെ ജെമിനി, ടോറസ്, പ്ലിയേഡ്സ് നക്ഷത്രസമൂഹം എന്നിവയുൾപ്പെടെ നിരവധി ശോഭയുള്ള നക്ഷത്രങ്ങളുടെ കാഴ്ചയും സ്റ്റാർഗേസർമാർക്ക് ആസ്വദിക്കാനാകും.  ശുക്രൻ, വ്യാഴം, ചൊവ്വ, ശനി എന്നിവയുൾപ്പെടെ നിരവധി ഗ്രഹങ്ങളും രാത്രി ആകാശത്ത് ദൃശ്യമാകും. Read on deshabhimani.com

Related News