നാലാം വ്യവസായ വിപ്ലവ കേന്ദ്രം സ്ഥാപിക്കാൻ ഒമാൻ
മസ്‌ക്കത്ത് > അതിവേഗം മുന്നോട്ടു കുതിക്കുന്ന ഒമാനിൽ നാലാം വ്യവസായ വിപ്ലവവുമായി ബന്ധപ്പെട്ട പദ്ധതികൾക്കും പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന നാലാം വ്യവസായ വിപ്ലവ(4 ഐആർ) കേന്ദ്രം സ്ഥാപിക്കാൻ ധാരണയായി. ഒമാൻ ശാസ്ത്ര-സാങ്കേതിക-വിവരവിനിമയ-ഗതാഗത മന്ത്രാലയം ലോക സാമ്പത്തിക ഫോറവുമായി(ഡബ്ല്യു ഇ എഫ്) കൈകോർത്തുകൊണ്ടാണ് കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള പ്രവർത്തങ്ങളിൽ ഏർപ്പെടുക എന്ന് മന്ത്രാലയ പ്രതിനിധികൾ അറിയിച്ചു. പശ്ചിമേഷ്യയിലെ ഇത്തരത്തിലുള്ള ആറാമത്തേതും, ആഗോളതലത്തിൽ 22-ാമത്തേതുമായ പ്രസ്തുത കേന്ദ്രം 2025 ആദ്യ പാദത്തിൽ പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രാലയവൃത്തങ്ങൾ പറഞ്ഞു. മന്ത്രാലയ അണ്ടർസെക്രട്ടറി ഡോ. അലി ബിൻ അമർ അൽ ഷിധാനിയും ഡബ്ല്യുഇഎഫിൻ്റെ നെറ്റ്‌വർക്ക് ആൻഡ് പാർട്‌ണർഷിപ്പ് മേധാവിയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ സെബാസ്റ്റ്യൻ ബക്കപ്പും ചേർന്നാണ് കരാർ ഒപ്പിട്ടത്. ഒമാൻ വിഷൻ 2040 കാഴ്ചപ്പാടുകൾക്കും മാർഗനിർദ്ദേശങ്ങൾക്കും അനുസൃതമായി സുസ്ഥിരവികസനം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിൽ നൂതന സാങ്കേതികവിദ്യകളും, അറിവുകളും രാജ്യത്തിന് പരിചയപ്പെടുത്തുക എന്ന ഒമാൻറെ പ്രതിജ്ഞാബദ്ധതയാണ് ഈ സഹകരണക്കരാർ പ്രതിഫലിപ്പിക്കുന്നതെന്ന് ഷിധാനി തൻറെ പ്രഭാഷണത്തിൽ പറഞ്ഞു. അറിവിന്റെ ഫലപ്രദമായ പങ്കുവയ്ക്കലുകൾക്കുള്ള മേഖലയിലെ സുപ്രധാന കേന്ദ്രമായി ഒമാൻ മാറുന്നതിൻറെ സൂചന കൂടിയാണ് ഈ നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒമാൻ വിഷൻ 2040 മായി ചേർന്നു കൊണ്ട് മുന്നോട്ടു പോകുന്ന ഈ കരാർ ഒമാനുമായുള്ള തങ്ങളുടെ ബന്ധത്തിൽ സുപ്രധാന ചുവടുവയ്‌പ്പാണെന്ന് ഡബ്ല്യു ഇ എഫ് പ്രതിനിധി സെബാസ്റ്റ്യൻ ബക്കപ്പ് പറഞ്ഞു. നിലനിൽക്കുന്ന വെല്ലുവിളികളെ നേരിട്ടുകൊണ്ട്, സുസ്ഥിര പാതയിലേക്ക് രാജ്യത്തെ നയിക്കാൻ പര്യാപ്തമായ നിരവധി പദ്ധതികൾക്ക് കേന്ദ്രം അവസരമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡബ്ല്യു ഇ എഫിന്റെ ഭാഗമായ ആഗോള ശൃംഖലയിൽ നിന്നുള്ള ഡിജിറ്റൽ സാങ്കേതിക വിദഗ്ദ്ധരുടെ സഹകരണം ലഭ്യമാക്കുന്നതിനൊപ്പം, അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും ചട്ടക്കൂടുകൾക്കും അനുസൃതമായി വളർന്നുവരുന്ന സാങ്കേതികവിദ്യകളും നിർമ്മിത ബുദ്ധിയിലധിഷ്ഠിതമായ ആപ്ലിക്കേഷനുകളും സ്വാംശീകരിക്കുന്ന പ്രവർത്തനങ്ങളും കേന്ദ്രം ഏകോപിപ്പിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ബിസിനസ് സ്ഥാപനങ്ങൾ, അക്കാദമിക് സ്ഥാപനങ്ങൾ തുടങ്ങിയ മേഖലകളുമായി കൂടിയാലോചിച്ച് കൂടുതൽ പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കാൻ തീരുമാനിച്ചതായും അവർ പറഞ്ഞു. പദ്ധതിയുടെ പ്രവർത്തനങ്ങൾ വീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനും സങ്കീർണതകൾ ലഘൂകരിക്കുന്നതിനും ഫലപ്രദമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിലും, ലോക സാമ്പത്തിക ഫോറത്തിന്റെ 'നാലാം വ്യവസായ വിപ്ലവ കൂട്ടായ്മയു'മായി വിവിധ തലങ്ങളിൽ സഹകരണം ഉറപ്പ് വരുത്തുന്നതിലും ഇരുകക്ഷികളും പരസ്‌പര ധാരണയിലെത്തിയതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. Read on deshabhimani.com