ഒളിമ്പിക്‌സ് അരങ്ങേറ്റത്തിൽ മികച്ച പ്രകടനവുമായി ഒമാനി സ്‌പ്രിൻ്റർ അലി അൽ ബലൂഷി
മസ്‌ക്കറ്റ്> പാരീസിൽ നടന്നുകൊണ്ടിരിക്കുന്ന ഒളിമ്പിക്‌സ് മത്സരങ്ങളിൽ ശ്രദ്ധേയ സാന്നിധ്യമായി ഒമാനി അത്‍ലറ്റുകൾ. ഒളിമ്പിക്‌സ് അരങ്ങേറ്റ മത്സരത്തിൽ നൂറു മീറ്റർ ഹീറ്റ്‌സിൽ സ്‌പ്രിൻ്റർ അലി അൽ ബലൂഷി 10.26 സെക്കൻഡിൽ ഫിനിഷ് ചെയ്‌ത് ആറാം സ്ഥാനം നേടി. ബ്രിട്ടൻ്റെ ലൂയി ഹിഞ്ച്ലിഫ് 9.98 സെക്കൻഡിൽ ഒന്നാമതെത്തിയപ്പോൾ, അമേരിക്കക്കാരനായ നോഹ ലൈൽസ് 10.04 സെക്കൻഡിൽ രണ്ടാമതെത്തി. 10.06 സെക്കൻഡിൽ ഫിനിഷ് ചെയ്ത ദക്ഷിണാഫ്രിക്കൻ താരം ഷോൺ മസ്വാംഗാനിക്കാണ് മൂന്നാം സ്ഥാനം. എട്ട് ഗ്രൂപ്പുകളിൽ നിന്നും ആദ്യ മൂന്ന് സ്ഥാനക്കാർക്കൊപ്പം എല്ലാ ഗ്രൂപ്പുകളിലെയും മികച്ച ടൈമിംഗ് കാഴ്ചവെച്ച മൂന്നുപേരും സെമിഫൈനലിൽ സ്ഥാനം ഉറപ്പിച്ചു. നിലവിലെ തൻറെ റെക്കോഡായ 10.14 സെക്കൻഡ് ഭേദിക്കാൻ അലിക്ക് കഴിഞ്ഞില്ലെങ്കിലും അദ്ദേഹത്തിൻ്റെ പ്രകടനം ശ്രദ്ധേയമായിരുന്നുവെന്ന് ഒമാൻ ഒളിമ്പിക് കമ്മിറ്റി അധികൃതർ പറഞ്ഞു. കൂടുതൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുമെന്നായിരുന്നു പ്രതീക്ഷയെന്നും, എന്നാൽ നോഹ ലൈൽസ് ഉൾപ്പടെയുള്ള ലോകോത്തര താരങ്ങളുടെ സാന്നിധ്യം മത്സരം കഠിനമാക്കിയെന്നും അലി മാധ്യമങ്ങളോടു പ്രതികരിച്ചു. മുൻനിര താരങ്ങൾക്കൊപ്പം മത്സരിക്കാൻ സാധിച്ചത് വിലമതിക്കാനാവാത്ത അനുഭവമായിരുന്നുവെന്നും, വരാനിരിക്കുന്ന പ്രാദേശിക, അന്തർദേശീയ മത്സരങ്ങളിൽ ഈ അനുഭവപാഠങ്ങൾ തനിക്ക് വലിയ ഉത്തേജനം പകരും. കരിയറിൻ്റെ തുടക്കത്തിൽ മാത്രമാണ് താനെന്നും, വരാനിരിക്കുന്ന മത്സരങ്ങളിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളിയാഴ്ച നടന്ന 100 മീറ്റർ ഓട്ടത്തിന്റെ പ്രാഥമിക ഹീറ്റ് രണ്ടിൽ, ഒമാൻ്റെ വനിതാ സ്പ്രിൻ്റർ മസൂൺ അൽ അലവി ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു. 12.58 സെക്കൻഡിലാണ് മസൂൺ നൂറുമീറ്റർ ഓടിയെത്തിയത്. Read on deshabhimani.com