കുവൈത്തിൽ സ്റ്റേജ് ഷോകൾക്കും പൊതുപരിപാടികൾക്കും മുൻകൂർ അനുമതി നിർബന്ധമാക്കി



കുവൈത്ത് സിറ്റി > കുവൈത്തിൽ സ്റ്റേജ് ഷോകളും പൊതുപരിപാടികളും സംഘടിപ്പിക്കുന്നതിന്  മുൻകൂർ അനുമതി നിർബന്ധമാക്കി. അനുമതിയില്ലാതെ പരിപാടികൾ നടത്തിയാൽ കർശന നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു. സ്റ്റേജ് പരിപാടികൾക്ക് അനുമതി ലഭിക്കുന്നതിന് നിലവിൽ കൃത്യമായ മാർഗ നിർദേശങ്ങൾ ഉണ്ട്. വിവര  മന്ത്രാലയത്തിലോ  നാഷണൽ കൗൺസിൽ ഫോർ കൾച്ചർ ആർട്സ്  ആൻഡ് ലെറ്റേഴ്സിൽ അപേക്ഷ സമർപ്പിക്കണം. പരിപാടിയുടെ സ്വഭാവം, തീയതി, വേദി, പങ്കെടുക്കുന്നവർ എന്നിവ ഉൾപ്പെടെയുള്ള വിശദ വിവരങ്ങളും അപേക്ഷയിൽ ഉണ്ടായിരിക്കണം. പരിപാടിയുടെ സ്ക്രിപ്റ്റിൻ്റെ ഒരു പകർപ്പ്, പ്രകടനം നടത്തുന്നവരുടെ പേര് വിവരങ്ങൾ, സാങ്കേതിക ആവശ്യകതകൾ മുതലായ  ആവശ്യമായ രേഖകളും അപേക്ഷയിൽ  ഉൾപ്പെടുത്തണം. ഇതിനു പുറമെ സംഘാടകരുടെ തിരിച്ചറിയൽ രേഖയും ബന്ധപ്പെടാനുള്ള വിശദാംശങ്ങളും ആഭ്യന്തര മന്ത്രാലയം, മുനിസിപാലിറ്റി, അഗ്നി സുരക്ഷാ സേന മുതലായബന്ധപ്പെട്ട അധികാരികളിൽ നിന്നുള്ള അംഗീകാരവും  പരിപാടിക്ക് അനുമതി ലഭിക്കുന്നതിന് ആവശ്യമാണ്. പരിപാടിയിൽ വിദേശികൾ പങ്കെടുക്കുന്നുണ്ടെങ്കിൽ ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള പ്രത്യേക അംഗീകാരവും വേണം. അടുത്തിടെ അനുമതിയില്ലാതെ ആഘോഷപരിപാടി നടത്തിയ ശ്രീലങ്കൻ പ്രവാസികൾക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു. സംഘാടകരെയും മറ്റുമായി 26 പേരെ കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച ശ്രീലങ്കൻ അസോസിയേഷൻ സംഘടിപ്പിച്ച ‘ശ്രീലങ്കൻ സമ്മർ നൈറ്റ്’ എന്ന പരിപാടിക്കിടെയാണ് സംഭവം. കുവൈത്ത് അധികൃതരുടെ മുൻകൂർ അനുമതിയില്ലാതെ ഷോ നടത്തിയതിന് 26 പേരെയാണ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ശ്രീലങ്കൻ എംബസിയുടെ ഇടപെടലിലോടെ ഇവരെ വിട്ടയച്ചു. പൊതുപരിപാടികൾക്കും ചടങ്ങുകൾക്കും കൃത്യമായ മാനദണ്ഡങ്ങൾ അധികൃതർ നിശ്ചയിച്ചിട്ടുണ്ട്. ഇവ പാലിക്കാത്തവർക്കെതിരെ നടപടി തുടരുമെന്നാണ് സൂചന. മധ്യ വേനൽ അവധി കഴിഞ്ഞു സ്കൂൾ തുറക്കുന്നതോടെ വരും മാസങ്ങളിൽ ഓണാഘോഷങ്ങൾക്കും മറ്റു പരിപാടികൾക്കും തയാറെടുക്കുന്ന വിവിധ പ്രാവാസി  മലയാളി സംഘടനകൾ  നിരവധി സ്റ്റേജ് പരിപാടികളാണ്  സംഘടിപ്പിക്കുന്നത്. ഇത് കൊണ്ട് തന്നെ  ഔദ്യോഗിക അനുമതിയില്ലാതെ യാതൊരു വിധ സ്റ്റേജ് പരിപാടികളും നടത്തരുതെന്ന് സാമൂഹിക പ്രവർത്തകർ മുന്നറിയിപ്പ് നൽകി.   Read on deshabhimani.com

Related News