യുഎഇ പ്രവാസി സാഹിത്യോത്സവ് സമാപിച്ചു; അബുദാബി സിറ്റി ജേതാക്കൾ



അബുദാബി > കലാലയം സാംസ്‌കാരിക വേദിയുടെ കീഴിൽ സംഘടിപ്പിച്ച പതിനാലാമത് യുഎഇ നാഷണൽ സാഹിത്യോത്സവിന് സമാപനം.  11 സോണുകളിൽ നിന്നായി 1200ൽ പരം പ്രതിഭകൾ മാറ്റുരച്ച പ്രവാസി സാഹിത്യോത്സവിൽ ആതിഥേയരായ അബുദാബി സിറ്റി സോൺ 292 പോയിന്റുകളോടെ ജേതാക്കളായി. 273 പോയിന്റുകൾ നേടിയ ഷാർജ സോൺ രണ്ടാം സ്ഥാനവും 255 പോയിന്റുകൾ നേടിയ ദുബായ് സൗത്ത് സോൺ മൂന്നാം സ്ഥാനവും നേടി. വിവിധ സ്കൂളുകളിൽ നിന്നുള്ള പ്രതിഭകൾ മത്സരിക്കുന്ന കാമ്പസ് വിഭാഗത്തിന്റെ മത്സരങ്ങളിൽ അജ്മാൻ സോൺ ഒന്നാം സ്ഥാനം നേടി. അബുദാബി ഈസ്റ്റ് സോൺ രണ്ടും ഷാർജ സോൺ മൂന്നും സ്ഥാനങ്ങൾ നേടി. അബുദാബി നാഷണൽ തിയേറ്ററിൽ നടന്ന സാഹിത്യോത്സവ് ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു. 12ഓളം വേദികളിലായി വിപുലമായ സംവിധാനങ്ങളൊരുക്കിയാണ് സാഹിത്യോത്സവ് അരങ്ങേറിയത്. ജൂനിയർ, സെക്കണ്ടറി, സീനിയർ, ജനറൽ എന്നീ വിഭാഗങ്ങളിലാണ് സാഹിത്യോത്സവ് മത്സരങ്ങൾ നടന്നത്. ഷാർജ സോണിലെ മുഹമ്മദ് സഹലിനെ കലാപ്രതിഭയായും ദുബായ് നോർത്തിലെ സഹദ് തലപ്പുഴയെ പുരുഷ വിഭാഗത്തിലെ സർഗ്ഗ പ്രതിഭയായും അബുദാബി സിറ്റിയിലെ റുമൈസ ജസീറിനെ വനിതാ വിഭാഗത്തിലെ സർഗ്ഗ പ്രതിഭയായും തിരഞ്ഞെടുത്തു. വൈകീട്ട് നടന്ന സാംസ്‌കാരിക സമ്മേളനം ശൈഖ് അലി അൽ ഹാഷ്മി ഉദ്ഘാടനം ചെയ്തു. എസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് ഫിർദൗസ് സഖാഫി കടവത്തൂർ സന്ദേശ പ്രഭാഷണം നടത്തി. ഗ്ലോബൽ കലാലയം കഥ, കവിത പുരസ്‌കാര ജേതാക്കൾക്കുള്ള പുരസ്‌കാര വിതരണവും സാഹിത്യോത്സവ് വേദിയിൽ വെച്ച് നടന്നു. 2025 ലെ പ്രവാസി നാഷണൽ സാഹിത്യോത്സവ് റാസൽ ഖൈമയിൽ  നടക്കും. സാഹിത്യോത്സവ് ലോഗോ റാസൽ ഖൈമ സോൺ ഭാരവാഹികൾ ഏറ്റു വാങ്ങി. Read on deshabhimani.com

Related News