കേന്ദ്രം പ്രവാസികളോട് കാണിക്കുന്നത് തികഞ്ഞ അവഗണന; അഡ്വ. ഗഫൂർ പി ലില്ലിസ്



കോഴിക്കോട്> രാജ്യത്തെ ജിഡിപിയൂടെ മൂന്നില്‍ ഒരു ഭാഗം സംഭാവന ചെയ്യുന്ന പ്രവാസികളുടെ പുനരധിവാസത്തിനും,ക്ഷേമത്തിനുമായി  കേന്ദ്ര ബജറ്റില്‍ ഒരു ചില്ലികാശ് പോലും നീക്കിവക്കാത്തത്‌ അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന്‌ കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റ് അഡ്വ. ഗഫൂർ പി ലില്ലിസ് പറഞ്ഞു.  പ്രവാസികള്‍ക്ക് ക്ഷേമനിധി പെന്‍ഷന്‍ പദ്ധതി ഏര്‍പ്പെടുത്തിയ ഏക സംസ്ഥാനം കേരളമാണെന്നും, അത് അഖിലേന്ത്യാ തലത്തില്‍ വ്യാപിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്ന സന്ദര്‍ഭത്തിലാണ് കേരളത്തോടുള്ള അവഗണനയെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ബജറ്റിനെതിരെ  കേരള പ്രവാസി സംഘം സംസ്ഥാന തലത്തിൽ ആഹ്വാനം ചെയ്ത മാർച്ചിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ആദായ നികുതി ഓഫീസ് മാർച്ച് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ സജീവ് കുമാർ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മഞ്ഞക്കുളം നാരായണൻ, സലിം മണാട്ട് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി വി ഇഖ്ബാൽ സ്വാഗതവും ട്രഷറർ എം സുരേന്ദ്രൻ നന്ദിയും പറഞ്ഞു. ജില്ലാ ജോ: സെക്രട്ടറി  ഷിജിത്ത് ടി പി, എക്സിക്യൂട്ടീവ് അംഗങ്ങളായ ആസാദ് പള്ളത്ത്, സൈനബ സലിം എന്നിവർ നേതൃത്വം നൽകി. Read on deshabhimani.com

Related News