കുവൈറ്റ് പൊതുമാപ്പ്, ഇന്ത്യക്കാരുടെ ആദ്യ സംഘം യാത്രയായി
കുവൈറ്റ് സിറ്റി> ഏറെ ദിവസത്തെ മുറവിളിക്കും വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ കുവൈറ്റില്‍ പൊതുമാപ്പ് ലഭിച്ച ഇന്ത്യക്കാരിലെ ആദ്യ സംഘം നാട്ടിലേക്ക് യാത്രയായി. 145 യാത്രക്കാരുമായി ഇന്ന് രാവിലെയാണ് ജസീറ എയർവേസ് വീമാനം നാട്ടിലേക്ക് പുറപ്പെട്ടത്. ആദ്യ സംഘത്തിൽ 145 സ്ത്രീകളാണ്. ആന്ധ്രപ്രദേശിലെ വിജയവാഡയിലേക്ക് രാവിലെ 9.35 നാണ് ആദ്യ ബാച്ച് യാത്രയായത്. വെള്ളിയാഴ്ച യു.പിയിലെ ലക്നോവിലേക്കും മറ്റൊരു വിമാനവും പുറപ്പെടുന്നുണ്ട്. പൊതുമാപ്പ് ആനുകൂല്യം ലഭ്യമായിട്ടും കുവൈറ്റ് സര്‍ക്കാറിന്റെ സംരക്ഷണയില്‍ ഒരു മാസത്തിലേറെയായി കഴിഞ്ഞിരുന്നവരാണ് ഇപ്പോള്‍ നാട്ടിലേക്ക് യാത്രയാവുന്നത്. പൊതുമാപ്പിന് രജിസ്റ്റർ ചെയ്ത മുഴുവനാളുകളെയും കുവൈറ്റ് സര്‍ക്കാര്‍ സൗജന്യമായാണ് നാട്ടിലെത്തിക്കുന്നത്. ഇന്ത്യക്കാരായ ഏഴായിരത്തിലധികം പേരാണ് വിവിധ പൊതുമാപ്പ് കേന്ദ്രങ്ങളിൽ നാട്ടിലേക്ക് പോകാനായി ഉള്ളത്. തിരിച്ചയക്കല്‍ കേന്ദ്രത്തില്‍ 800 ഓളം മലയാളികളും ഉണ്ടെന്നാണ് കണക്ക്. ഇതിനു പുറമേ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിച്ച അയ്യായിരത്തോളം ഇന്ത്യക്കാരും പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങാനായി കാത്തിരിക്കുന്നുണ്ട്. Read on deshabhimani.com