കുവൈത്തും ഖത്തറും എൽഎൻജി വിതരണ കരാറിൽ ഒപ്പുവച്ചു



കുവൈത്ത് സിറ്റി > കുവൈത്തുമായി പ്രകൃതിവാതക വിതരണ കരാർ ഒപ്പുവെച്ച് ഖത്തർ. കുവൈത്ത് പെട്രോളിയം കോർപ്പറേഷനും (കെപിസി) ഖത്തർ എനർജി കമ്പനിയും അടുത്ത 15 വർഷത്തിനുള്ളിൽ മൂന്ന് ദശലക്ഷം മെട്രിക് ടൺ ദ്രവീകൃത പ്രകൃതി വാതകം (എൽഎൻജി) ഇറക്കുമതി ചെയ്യുന്ന ദീർഘകാല കരാറിൽ ഒപ്പുവെച്ചു. കുവൈത്തിൽ നടന്ന ചടങ്ങിൽ കെപിസിക്ക് വേണ്ടി ഡെപ്യൂട്ടി ചെയർമാനും സിഇഒയുമായ ഷെയ്ഖ് നവാഫ് സൗദ് അൽ നാസർ അൽ സബാഹ് , ഖത്തർ എനർജി സിഇഒയും ഊർജ സഹമന്ത്രിയുമായ സഅദ് ബിൻ ഷെരിദ അൽ കഅബി എന്നിവരാണ് കരാറിൽ ഒപ്പുവച്ചത്. കരാർ പ്രകാരം 2025 ജനുവരി മുതൽ ഖത്തർ എനർജിയിൽ നിന്നുള്ള ഇന്ധന വിതരണം ആരംഭിക്കും. ഖത്തർ എനർജിയുടെ ക്യൂ ഫ്‌ലക്‌സ്, ക്യൂ മാക്‌സ് എൽഎൻജി കപ്പലുകൾ വഴി കുവൈത്തിന്റെ അൽ സൂർ എൽഎൻജി ടെർമിനലിലേക്കായിരിക്കും ഇന്ധനമെത്തിക്കുക. നോർത്ത് ഫീൽഡ് പദ്ധതികളുടെ വികസനത്തിന്റെ ഭാഗമായി ഖത്തർ ദ്രവീകൃത പ്രകൃതി വാതക ഉത്പാദനം ഗണ്യമായി കൂട്ടിയിട്ടുണ്ട്. 2020 ൽ ഇരുരാജ്യങ്ങളും ആദ്യ കരാറിൽ ഒപ്പുവെച്ചതിന്റെ തുടർച്ചയാണ് പുതിയ  കരാർ. 2030 ഓടെ പ്രതിവർഷ ഉത്പാദനം 142 ദശലക്ഷം ടണിലെത്തും. ഈ സാഹചര്യത്തിൽ സുഗമമായ വിതരണത്തിനായി ദീർഘകാല കരാറുകളാണ് ഖത്തർ എനർജി ലക്ഷ്യം വയ്ക്കുന്നത്.ചുരുങ്ങിയ സമയത്തിനുള്ളിൽ ഖത്തർ എനർജിയുമായി രണ്ടാമത്തെ കരാർ ഒപ്പിടുന്നത് ഉഭയകക്ഷി ബന്ധത്തിൻ്റെ ശക്തിയെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഷെയ്ഖ് നവാഫ് അൽ സബാഹ് പറഞ്ഞു. രണ്ട് സൗഹൃദ രാജ്യങ്ങൾക്കിടയിൽ എല്ലാ മേഖലകളിലും പ്രത്യേകിച്ച് ഊർജ്ജ മേഖലയിലുള്ള സഹകരണമാണ് കരാർ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.   Read on deshabhimani.com

Related News