രവി തലാലിന്റെ വേർപാടിൽ അനുശോചിച്ചു
അബുദാബി > ശക്തി തിയറ്റേഴ്‌സ് അബുദാബിയുടെയും കേരള സോഷ്യൽ സെന്ററിന്റെയും സജീവപ്രവർത്തകനായിരുന്ന പി പി രവീന്ദ്രൻ എന്ന രവി തലാലിന്റെ ആകസ്മിക വേർപാടിൽ ഇരു സംഘടനകളും സംയുക്തമായി അനുശോചിച്ചു. മൊറാഴ പാടശേഖരത്തിനു സമീപം ഗിയറിൽ നിർത്തിയ ട്രാക്ടർ സ്റ്റാറ്റ് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് സമീപത്തെ അടച്ചിട്ട കടയിലേക്ക് ഇടിച്ചു കയറിയപ്പോൾ നിയന്ത്രം വിട്ടു തെറിച്ചുവീണായിരുന്നു അപകടം. ടയറിനടിയിൽ പെട്ട് പരിക്കേറ്റ രവീന്ദ്രനെ കണ്ണൂർ എ കെ ജി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കണ്ണൂർ കണ്ണപുരം സംവദേശിയായ രവീന്ദ്രൻ ശക്തി തിയറ്റേഴ്‌സ് അബുദാബിയുടെ മുൻ സ്പോർട്സ് സെക്രട്ടറിയായിരുന്നു. നിലവിൽ കേരള പ്രവാസി സംഘം പാപ്പിനിശ്ശേരി ഏരിയ ട്രഷററും, കണ്ണപുരം ഈസ്റ്റ് വില്ലേജ് പ്രസിഡന്റും പ്രവാസി വെൽഫെയർ കോ-ഓപറേറ്റിവ് സൊസൈറ്റി ഡയറക്ടറുമായിരുന്നു. ഭാര്യ കെ പി പ്രമീള ശക്തി തിയറ്റേഴ്‌സിന്റെ വനിതാവിഭാഗം കൺവീനറായി പ്രവർത്തിച്ചിട്ടുണ്ട്. കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ കെ ബീരാൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന അനുശോചനയോഗത്തിൽ ലോക കേരള സഭ അംഗം അഡ്വ. അൻസാരി സൈനുദ്ദീൻ അനുശോചനപ്രമേയം അവതരിപ്പിച്ചു. കെ വി ബഷീർ, എ എൽ സിയാദ്, ഗീത ജയചന്ദ്രൻ, വി പി കൃഷ്ണകുമാർ, സഫറുള്ള പാലപ്പെട്ടി, സുമ വിപിൻ, പ്രകാശ് പള്ളിക്കാട്ടിൽ, സി കെ ഷരീഫ്, ടി കെ മനോജ് എന്നിവർ സംസാരിച്ചു. Read on deshabhimani.com