ടാക്‌സി ഷെയറിങ്‌ സർവീസ്‌: പുതിയ പദ്ധതിയുമായി ആർടിഎ



ദുബായ്‌> ദുബായിലെ ഇബ്ൻ ബത്തൂത്ത മാളിനും അബുദാബിയിലെ അൽ വഹ്ദ മാളിനും ഇടയിൽ ടാക്‌സി ഷെയറിങ്‌ സർവീസിന് ദുബായ് ആർടിഎ അനുമതി നൽകി. ഈ സംരംഭം ആറുമാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ സർവീസ്‌ നടത്തും. ഇത്‌ വിജയിച്ചാൽ സേവനം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന്‌ ആർടിഎ അറിയിച്ചു. ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനൊപ്പം കാർബൺ പുറന്തള്ളൽ കുറയ്ക്കാനും ഇതിവഴി സാധിക്കും. സാധ്യതയുള്ള റൂട്ടുകൾ വിശദമായി വിശകലനം ചെയ്തതിനുശേഷമാണ് ഇബ്ൻ ബത്തൂത്ത മാളിനും അൽ വഹ്ദ മാളിനും ഇടയിലുള്ള റോഡ് തെരഞ്ഞെടുത്തതെന്ന് ആർടിഎയിലെ ആസൂത്രണ വ്യാപാര വികസന ഡയറക്‌ടർ അദേൽ ഷാക്രി പറഞ്ഞു. രണ്ട് എമിറേറ്റുകൾക്കിടയിൽ പതിവായി യാത്രചെയ്യുന്നവരുടെ യാത്രാചെലവ് കുറയ്ക്കുകയാണ് ലക്ഷ്യം. പുതിയ സംവിധാൻ വഴി വേഗതയേറിയതും ചെലവു കുറഞ്ഞതുമായ ഗതാഗത സൗകര്യം യാത്രക്കാർക്ക് ലഭിക്കും. നാലുപേർ ഒരു ടാക്സി പങ്കിടുമ്പോൾ 75 ശതമാനംവരെ ചെലവു കുറയ്ക്കാനാകും. ഒരാളുടെ മുഴുവൻ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ഈ സേവനത്തിലൂടെ ഓരോ യാത്രക്കാരനും 66 ദിർഹം മാത്രം നൽകിയാൽ മതി. രണ്ടുയാത്രക്കാർ ടാക്സി പങ്കിടുമ്പോൾ നിരക്ക് 132 ദിർഹം വീതമായിരിക്കും. ബാങ്ക് കാർഡുകളോ, നോൽ കാർഡുകളോ ഉപയോഗിച്ച് യാത്രാക്കൂലി അടയ്ക്കാനാകും. Read on deshabhimani.com

Related News