റൂമി,50 വർഷത്തെ അസാന്നിധ്യം. എട്ട് നൂറ്റാണ്ടുകളുടെ സാന്നിധ്യം; 3 മാസങ്ങൾ നീളുന്ന പ്രദർശനം ഷാർജയിൽ



ഷാർജ > റൂമി, 750 വർഷത്തെ അസാന്നിധ്യം. എട്ട് നൂറ്റാണ്ടുകളുടെ സാന്നിധ്യം എന്ന പേരിൽ ഷാർജയിൽ റൂമിയുടെ സ്മരണാഞ്ജലി അരങ്ങേറുന്നു. അപൂർവ കയ്യെഴുത്തുപ്രതികൾ, പുരാവസ്തുക്കൾ, കലാസൃഷ്ടികൾ എന്നിവയിലൂടെ 13ആം നൂറ്റാണ്ടിലെ പേർഷ്യൻ കവിയായ ജലാൽ അൽ-ദിൻ റൂമിയുടെ സ്മരണകൾ തീർത്ത് മൂന്ന് മാസങ്ങൾ നീണ്ടു നിൽക്കുന്ന സാംസ്‌കാരികമേള ഹൗസ് ഓഫ് വിസ്ഡത്തിൽ ഫെബ്രുവരി 14 വരെയാണ് നടക്കുന്നത്. ഇസ്ലാമിക ലോകത്തും, അതിനപ്പുറവും റൂമിയുടെ കവിത, തത്ത്വചിന്ത, ഉപദേശങ്ങൾ എന്നിവയുടെ ആഴത്തിലുള്ള സ്വാധീനം വിശകലനം ചെയ്യലാണ് മേളയുടെ ലക്‌ഷ്യം. മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്ന മേളയിൽ റൂമിയുടെ ആദ്യകാല ജീവിതം (ദി ബിഗിനിംഗ്സ്), ഷംസ് അൽ-ദിൻ അൽ-തബ്രിസി (ദി ട്രാൻസ്ഫോർമേഷൻ) എന്നിവയ്‌ക്കൊപ്പം ആത്മീയ ഉണർവ്, കവിത, പഠിപ്പിക്കലുകൾ, മെവ്‌ലെവി ചുഴലിക്കാറ്റ് പാരമ്പര്യം (ദി ലെഗസി) എന്നിവയിലൂടെ അദ്ദേഹത്തിൻ്റെ ശാശ്വതമായ ആഗോള സ്വാധീനം പര്യവേക്ഷണം ചെയ്യപ്പെടും. "Exploring the Spiritual Dimensions: Sculptures and Exhibitions inspired by Rumi"  എന്ന സെഷനിൽ റൂമിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ശിൽപങ്ങളും പ്രദർശനങ്ങളുമായി, ഷെയ്ഖ് സുൽത്താൻ സൂദ്, അന്താരാഷ്‌ട്ര ശിൽപി ഖാലിദ് സാക്കി തുടങ്ങിയവർ റൂമിയുടെ കാലാതീതമായ തത്ത്വചിന്ത എങ്ങനെ സമകാലിക കലയെ പ്രചോദിപ്പിക്കുന്നു എന്ന് വിശദീകരിച്ചു. 'റൂമിയുടെ വാക്യങ്ങളുടെ മണ്ഡലത്തിൽ' എന്ന തലക്കെട്ടിൽ ഒരുക്കുന്ന കാവ്യസന്ധ്യയിൽ ശൈഖ അൽ മുതൈരി, ഷാഹിദ് താനി, ഡോ. ഹസ്സൻ അൽ നജ്ജാർ, അമൽ അൽ സുവൈദി, സാറ അൽ നുഐമി, അലി അൽ ഷാലി, ഹെസ്സ അൽ ദഹൽ, അസ്മ അൽ ഹമ്മദി എന്നിവർ പങ്കെടുത്തു. റൂമിയുടെ സർഗ്ഗാത്മക പൈതൃകം പുനരുജ്ജീവിപ്പിക്കുന്നതിൻ്റെ പ്രാധാന്യം സാംസ്കാരിക സായാഹ്നം ഉദ്ഘാടനം ചെയ്തുകൊണ്ട് എക്സിക്യൂട്ടീവ് ഡയറക്ടർ മർവ അൽ അഖ്റൂബി എടുത്തുപറഞ്ഞു. മലീഹ മരുഭൂമിയിലെ തൻവീർ ഫെസ്റ്റിവലിൽ നിന്നാരംഭിച്ച് ഹൗസ് ഓഫ് വിസ്‌ഡത്തിൽ അവസാനിക്കുന്ന ഈ സാംസ്‌കാരിക സംഗമം തുർക്കിക്കു പുറത്തു നടക്കുന്ന ഏറ്റവും മികച്ച മേളകളിലൊന്നായിരുന്നു. മംഗോളിയൻ ആക്രമണത്തെ തുടർന്ന് അഫ്‌ഗാനിസ്ഥാനിൽ നിന്നും തുർക്കിയിലേക്കു കുടിയേറിയ റൂമി, തുർക്കി ജനതയുടെ ഹൃദയവികാരമാണ്. ജീവിതത്തോടൊപ്പം കലാസൃഷ്ടികൾ എന്ന പാനൽ ചർച്ച ആത്മീയതയെ പര്യവേക്ഷണം ചെയ്യുന്ന കലാസൃഷ്ടികളെക്കുറിച്ചായിരുന്നു. സൂഫി പാരമ്പര്യങ്ങളുടെ സാരാംശം സൃഷ്ടിയിൽ പകർത്തിയ ഈജിപ്ഷൻ കലാകാരന്മാരുടെ സംഭാവനകളെ അൽ ഖാസിമി എടുത്തുപറഞ്ഞു. മഹ്മൂദ് സയ്യിദിന്റെ ദി ദിക്ർ (1936) സൂഫിസത്തിന്റെ ആത്മീയ ആഴവും കലാ സമ്പന്നതയും പ്രതിഫലിക്കുന്ന മാസ്റ്റർ പീസ് ആയിരുന്നു. ശിൽപത്തിൽ പകർത്തിയ റൂമിയുടെ തത്ത്വചിന്ത എന്ന സെഷനിൽ പ്രശസ്ത ശിൽപിയായ ഖാലിദ് സാക്കി സൂഫിസത്തിലേക്കുള്ള തൻ്റെ യാത്ര പങ്കുവെച്ചു: “വിർലിംഗ് ഡെർവിഷുകളെ കണ്ടുമുട്ടിയ ശേഷം സൂഫിസത്തിലേക്ക് ആഴത്തിൽ ഇറങ്ങിയെന്നും,  'നിൻ്റെ മുറിവിൽ ദുഃഖിക്കരുത്... മറ്റെങ്ങനെ പ്രകാശം നിന്നിലേക്ക് പ്രവേശിക്കും?' എന്ന വാക്യം ജീവിതത്തെ ഒരുപാട് സ്വാധീനിച്ചുവെന്നും, ശിൽപിച്ച രൂപത്തിനുള്ളിൽ ജ്ഞാനത്തെ ഉൾച്ചേർക്കാൻ ഇത്തരം ചിന്തകൾ സ്വാധീനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ശിൽപങ്ങളിൽ ലാളിത്യവും വിനയവും സ്വീകരിക്കാനും, വൈവിധ്യമാർന്ന സംസ്കാരങ്ങളെ വ്യാഖ്യാനിക്കാനും, അർത്ഥം കണ്ടെത്താനും കഴിയുന്ന അമൂർത്തീകരണം നടത്താൻ ഇതിലൂടെ സാധിച്ചുവെന്നും, ഈ സമീപനം യൂറോപ്യൻ രാജ്യങ്ങളിൽ തൻ്റെ സൃഷ്ടികൾക്ക് ആവശ്യകത വർധിപ്പിച്ചു എന്നും സാക്കി പറഞ്ഞു. Read on deshabhimani.com

Related News