കേരളത്തിന്റെ വികസനത്തെ പൊതുജനമധ്യത്തിലെത്തിക്കാൻ മാധ്യമങ്ങൾ വിമുഖത കാണിക്കുന്നു: മന്ത്രി സജി ചെറിയാൻ



ഷാർജ > കേരളത്തിന്റെ വികസനത്തെ പൊതുജനങ്ങളിലെത്തിക്കാൻ മാധ്യമങ്ങൾ വിമുഖത കാണിക്കുന്നതു മൂലം സംസ്ഥാനത്തിന്റെ വളർച്ച ശരിയായ വിധത്തിൽ പുറം ലോകം അറിയാതെ പോകുന്നുവെന്ന് മന്ത്രി സജി ചെറിയാൻ. മാസ് മേളം 2024 ചടങ്ങിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിലും ഇല്ലാത്ത വിധം ബഹുമുഖ വികസനമാണ് കേരളത്തിൽ നടക്കുന്നത്. ഓരോ വർഷവും, ഓരോ മാസവും, ഓരോ ദിവസവും കേരളം വലിയതോതിൽ മാറിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലെ പിണറായി സർക്കാറിന്റെ ക്രിയാത്മകമായ പ്രവർത്തനമാണ് ഇതിനു കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘മലയോരപാത യാഥാർത്ഥ്യമായി, തീരദേശ ഹൈവേ ഭൂമി ഏറ്റെടുക്കൽ പ്രക്രിയ അവസാന ഘട്ടത്തിലാണ്, ജലഗതാഗതരംഗത്തും റോഡ് ഗതാഗത രംഗത്തും അപൂർവമായ മുന്നേറ്റമാണ് സംസ്ഥാനത്ത്‌ നടന്നുകൊണ്ടിരിക്കുന്നത്. അടിസ്ഥാന വികസന രംഗത്ത് കേരളം മുന്നേറുന്നതിന്റെ ഭാഗമായി എല്ലാ മേഖലയിലും വലിയ തോതിലുള്ള മൂലധന നിക്ഷേപം കേരളത്തിൽ നടക്കുന്നു. വ്യവസായ മേഖലയിൽ ഒരുപാട് പുതിയ സംരംഭങ്ങൾ ആരംഭിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ  വിദ്യാഭ്യാസത്തിന് പ്രയോജനപ്പെടുന്ന വിധം കേരളത്തിലെ വിദ്യാഭ്യാസ സംവിധാനത്തിൽ സമൂലമായ പരിഷ്കരണം നടന്നുകൊണ്ടിരിക്കുന്നു. ടൂറിസം, സാംസ്കാരികമേഖല എന്നിവ പുതിയ ഉണർവിലാണ്. ആരോഗ്യരംഗത്ത് അഭൂത പൂർവമായ വളർച്ച കേരളത്തിലുണ്ടായി. ഇന്ത്യയിലെ മറ്റ് സസ്ഥാനങ്ങൾക്ക് മാതൃകയാകുന്ന വിധത്തിൽ കേരളം മാറി.’–-അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ഏറ്റവും നല്ല പോലീസിംഗ് സംവിധാനമുള്ള ഏക സംസ്ഥാനമാണ് കേരളം. മതസൗഹാർദ്ദത്തിന്റെ കാര്യത്തിൽ കേരളം ഒരു മാതൃകയാണ്. ജാതിമത വിഭാഗീയ ചിന്തകൾക്ക് പ്രാമുഖ്യം ലഭിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയിൽ മത സാഹോദര്യവും പരസ്പര സ്നേഹവും സംരക്ഷിച്ചുകൊണ്ടാണ് കേരളം മുന്നോട്ടുപോകുന്നത്. ഈ മാതൃക കേരളീയർക്ക് അഭിമാനിക്കാവുന്ന ഒന്നാണ്. വ്യവസായ മേഖലയിലുള്ള വളർച്ച വലിയ തോതിലുള്ള തൊഴിൽ സാധ്യതകളിലേക്ക് കേരളത്തെ മാറ്റിക്കൊണ്ടിരിക്കുകയാണ്. വ്യവസായ ഇടനാഴി വരുന്നതോടുകൂടി ലോകത്തിലെ തന്നെ ഏറ്റവും വലിയ തൊഴിൽ ദാതാവായി മാറാൻ കേരളത്തിന് കഴിയും. മത്സ്യ ഉത്പാദന രംഗത്ത് കേരളം ഇന്ത്യയിലെ തന്നെ പ്രഥമ കേന്ദ്രമായി മാറി. സമൂലമായ ഈ മാറ്റങ്ങൾ പ്രവാസികളടക്കമുള്ളവർക്ക് മനസ്സിലാക്കി തരുന്ന കാര്യത്തിൽ മാധ്യമങ്ങൾ പിന്നോക്കം നിൽക്കുകയാണ് എന്നും കേരളത്തെ സ്നേഹിക്കുന്ന മാധ്യമ സുഹൃത്തുക്കൾ ഇക്കാര്യത്തിൽ ശരിയായ നിലപാട് സ്വീകരിക്കണമെന്നും സജി ചെറിയാൻ അഭിപ്രായപ്പെട്ടു.   ‘കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന വിവേചന പൂർണമായ നിലപാടു കാരണം കേരളത്തിന്റെ പദ്ധതികൾ തടസ്സപ്പെട്ടുകൊണ്ടിരിക്കുകയാണ്. കടുത്ത സാമ്പത്തിക പ്രയാസങ്ങൾ കേരളത്തിനുമേൽ അടിച്ചേൽപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. കേരളത്തിൽനിന്ന് പിരിച്ചു കൊണ്ടു പോകുന്ന നികുതിയുടെ 41% മാത്രമാണ് കേരളത്തിന് ലഭിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കുറവ് പണം തിരികെ കിട്ടുന്ന ഒരു സംസ്ഥാനമാണ് കേരളം. നികുതിപ്പണത്തിന്റെ ഭൂരിപക്ഷവും കേരളത്തിന് തരാതിരിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. വീണ്ടും അത് കുറച്ച് കൊണ്ടു വരുന്നതിനുള്ള ശ്രമങ്ങളും കേന്ദ്രത്തിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടാകുന്നു. മാധ്യമങ്ങൾക്ക് ഇക്കാര്യങ്ങൾ പറയാനും പ്രചരിപ്പിക്കാനും സമയമില്ല. നാടിനെ ഇകഴ്ത്തി കാണിക്കാനും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാനുമാണ് മാധ്യമങ്ങൾ ശ്രമിക്കുന്നത്. നാടിന്റെ വികസനത്തെ പറ്റി പൊതുസമൂഹത്തോട് പറയാൻ മാധ്യമങ്ങൾ തയ്യാറാകുന്നില്ല.’–- സജി ചെറിയാൻ കൂട്ടിച്ചേർത്തു. കേരളം പ്രതിസന്ധിയിൽ അകപ്പെടുമ്പോഴെല്ലാം വിദേശരാജ്യങ്ങളിലെ മലയാളികൾ സ്വന്തം നാടിനോടുള്ള മമത പ്രകടിപ്പിക്കുകയും, നാടിനെ സഹായിക്കുകയും ചെയ്യുന്ന സന്നദ്ധ പ്രവർത്തനത്തിന്റെ ചുക്കാൻ പിടിക്കുന്നവരാണ്. കേരളം നേരിട്ട പ്രളയം, കോവിഡ് മഹാമാരി, മറ്റു ദുരന്തങ്ങൾ, പ്രകൃതിക്ഷോഭങ്ങൾ എന്നിവയെല്ലാം നടക്കുമ്പോഴും മലയാളിയുടെ മനസ്സ് നാടിനു വേണ്ടി തുടിച്ചു. ആ തുടിപ്പാണ് കേരളത്തെ സംരക്ഷിച്ചു നിർത്തുന്നത്. വയനാടിന്റെ ദുരന്തത്തിലും ഈ മാതൃക പ്രവാസി മലയാളികൾ കാണിച്ചു. എല്ലാ മതങ്ങളെയും സ്നേഹത്തോടെയും സൗഹാർദ്ദത്തോടെയും കാണുന്നതിനുള്ള മനോഭാവമാണ് യുഎഇ എന്ന രാജ്യത്തെ മഹത്തരമാക്കുന്നത്. എല്ലാവരെയും ഉൾക്കൊള്ളാനുള്ള യുഎഇയുടെ വിശാലത പലർക്കും മാതൃക നൽകുന്നതാണ്. ഇന്ത്യയിൽ ജാതിമത വിഭാഗീയ ചിന്തകൾ ശക്തിപ്പെട്ടു വരുകയും, അതിനെ പ്രോത്സാഹിപ്പിക്കുന്നതിന് ഭരണാധികാരികൾ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുമ്പോൾ ലോക ജനത ഒന്നിച്ച് താമസിക്കുന്ന ഈ രാജ്യത്തിലെ സഹിഷ്ണുതയും, സാഹോദര്യവും, സ്നേഹവും മാതൃകാപരമായി നിലകൊള്ളുകയാണ് എന്നും സജി ചെറിയാൻ പറഞ്ഞു.     Read on deshabhimani.com

Related News