നാസ സ്‌പേസ് ആപ്പ്‌സ് ഹാക്കത്തോണിൻ്റെ രണ്ടാം എഡിഷന് തുടക്കം



മസ്‌ക്കറ്റ് > നാസ സ്‌പേസ് ആപ്പ്‌സ് ഹാക്കത്തോണിൻ്റെ രണ്ടാം എഡിഷന് ഒമാനിൽ തുടക്കമായി. ഒമാനിലെ ഉത്തര ഷർഖിയ ഗവർണറേറ്റിലെ ബിദിയ വിലായത്തിൽ സ്ഥിതിചെയ്യുന്ന യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ആൻഡ് അപ്ലൈഡ് സയൻസസിൽ സെപ്റ്റംബർ അഞ്ച് ശനിയാഴ്ചയാണ് ഹാക്കത്തോൺ ആരംഭിച്ചത്. 'എല്ലാം തൊടുന്നവൻ സൂര്യൻ' എന്നതായിരുന്നു ഹാക്കത്തോണിൻറെ വിഷയം. നാസ, ഉത്തര ഷർഖിയ ഗവർണറുടെ ഓഫീസ്, ഒമാനിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് എംബസി എന്നിവരുടെ പങ്കാളിത്തത്തോടെയാണ് രണ്ട് ദിവസത്തെ പരിപാടി സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്. സയ്യിദ് ഡോ. ഫാരിസ് ബിൻ തുർക്കി അൽ സെയ്ദിൻ്റെ രക്ഷാകർതൃത്വത്തിലാണ് ഉദ്ഘാടനച്ചടങ്ങ് നടന്നത്. ഉത്തര ഷർഖിയ ഗവർണർ മഹ്മൂദ് ബിൻ യഹ്‌യ അൽ ദഹ്‌ലിയും, ശാസ്ത്ര-സാങ്കേതിക, ബഹിരാകാശ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ പങ്കെടുത്തു. അന്താരാഷ്ട്ര ശാസ്ത്ര-ഗവേഷണ സ്ഥാപനങ്ങളും പൊതു-സ്വകാര്യ മേഖലാ സ്ഥാപനങ്ങളും സർവകലാശാലയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിൻ്റെ പ്രാധാന്യം വൈസ് ചാൻസലർ സെയ്ദ് ബിൻ ഹമദ് അൽ റുബായി ചൂണ്ടിക്കാട്ടി. ഇത്തരം വ്യവഹാരങ്ങൾ വിദ്യാർത്ഥികൾക്ക് ആശയങ്ങൾ കൈമാറാനും കഴിവുകൾ വളർത്തിയെടുക്കാനും സർഗ്ഗാത്മകത വളർത്താനുമുള്ള അവസരങ്ങൾ നൽകുന്നതായും, രാജ്യപുനർനിർമ്മാണത്തിന് സംഭാവന ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. നാസയുമായുള്ള സർവ്വകലാശാലയുടെ പങ്കാളിത്തം ബഹിരാകാശഗവേഷണ മേഖലയിൽ അതീവ താൽപര്യമുള്ളവരെ ഒരു കുടക്കീഴിൽ അണിനിരക്കാൻ സഹായിക്കുമെന്ന് റുബായ് അഭിപ്രായപ്പെട്ടു, ഒമാൻ വിഷൻ 2040 ന് അനുസൃതമായി ഈ സഹകരണം തുടർന്നും മെച്ചപ്പെടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.   ദേശീയ ബഹിരാകാശ പരിപാടി ഉൾപ്പെടെ ശാസ്ത്ര സാങ്കേതിക മേഖലകളിൽ ഒമാൻ്റെ ആത്മാർത്ഥമായ ഇടപെടൽ , അടുത്ത തലമുറയിലെ ശാസ്ത്രജ്ഞരെ പ്രചോദിപ്പിക്കുന്നതിലേക്ക് വഴി തെളിക്കുമെന്നാണ് പ്രതീക്ഷയെന്നും ബഹിരാകാശഗവേഷണ മേഖലയിൽ ഒമാനും അമേരിക്കയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന് കാരണമാകുമെന്നും  ഒമാനിലെ യുഎസ് അംബാസഡർ അന എസ്ക്രോഗിമ പറഞ്ഞു. ഹാക്കത്തോൺ ടീമിലെ തെരഞ്ഞെടുക്കപ്പെടുന്ന ഒമ്പത് അംഗങ്ങൾക്ക് ടെക്സാസിലെ നാസയുടെ ഹ്യൂസ്റ്റൺ സെൻ്ററും ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രവും സന്ദർശിക്കാനുള്ള അവസരമൊരുക്കുമെന്നും അവർ അറിയിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ, ഗവേഷകർ, കമ്മ്യൂണിറ്റി ഗ്രൂപ്പുകൾ എന്നിവരുൾപ്പെടെ 75-ലധികം ടീമുകൾ ഹാക്കത്തണിൻ്റെ ഈ രണ്ടാം പതിപ്പിൽ പങ്കെടുക്കുന്നതായി സാങ്കേതിക സർവകലാശാലാധികൃതർ പറഞ്ഞു. Read on deshabhimani.com

Related News