ഷാർജ അന്തർദേശിയ പുസ്തകോത്സവത്തിൽ ജോർജി ഗോഡ്‌സ്‌പോഡിനോവും ചേതൻ ഭാഗത്തും പങ്കെടുക്കും



ഷാർജ > ഇത്തവണത്തെ ഷാർജ രാജ്യാന്തര പുസ്തക മേളയിൽ ബൾഗേറിയൻ എഴുത്തുകാരനും കവിയും നാടകകൃത്തുമായ ജോർജി ഗോഡ്‌സ്‌പോഡിനോവ്, ഇന്ത്യൻ എഴുത്തുകാരൻ  ചേതൻ ഭഗത് എന്നിവർ പങ്കെടുക്കും. നവംബർ 9ന് നടക്കുന്ന 'ഫ്രം നാച്ചുറൽ നോവൽ ടു ടൈം ഷെൽട്ടർ - ജോർജി ഗോഡ്‌സ്‌പോഡിനോവുമൊത്ത് സഞ്ചാരം' എന്ന പരിപാടിയിൽ  ജോർജി ഗോഡ്‌സ്‌പോഡിനോവ്  വായനക്കാരുമായി സംവദിക്കും. ടൈം ഷെൽട്ടർ എന്ന നോവലിലൂടെ ബുക്കർ സമ്മാനം കരസ്ഥമാക്കിയ ജോർജി 25 ലധികം ഭാഷകളിൽ അദ്ദേഹത്തിന്റെ കൃതികൾ മൊഴിമാറ്റം നടത്തിയിട്ടുണ്ട്. ഇന്ത്യയിലെ ജനപ്രിയ എഴുത്തുകാരനായ ചേതൻ ഭഗത് നവംബർ പത്തിന് പുസ്തകോത്സവ വേദിയിലെത്തും.വൈകീട്ട് 7.15 മുതൽ 8.15 വരെ കോൺഫ്രൻസ് ഹാളിൽ നടക്കുന്ന 'ചേതൻ ഭഗത്തുമൊത്ത് ഒരു സായാഹ്നം 'എന്ന പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും.തന്റെ ഏറ്റവും പുതിയ പുസ്തകമായ 'ഇലവൻ റൂൾസ് ഫോർ ലൈഫ് ' എന്ന കൃതിയെ ആധാരമാക്കി കഥകളും കാഴ്ചപ്പാടുകളും അദ്ദേഹം പങ്കുവെക്കും. നടിയും എഴുത്തുകാരിയുമായ ഹുമ ഖുറേഷിയും അതേ ദിവസം 'ഫ്രം സ്ക്രീൻ ടു പേജ് - ഹുമ ഖുറേഷിക്കൊപ്പം ഒരു സായാഹ്നം' എന്ന പരിപാടിയിൽ  കേൾവിക്കാരുമായി സംവദിക്കും. ആദ്യ നോവലായ 'സെബ -ആൻ ആക്‌സിഡന്റൽ സൂപ്പർ ഹീറോ ' യുടെ രചനക്ക് പിന്നിലെ പ്രചോദനത്തെക്കുറിച്ചും,വെള്ളിത്തിരയിൽ നിന്ന് പുസ്തക താളിലേക്കുള്ള മാറ്റത്തിനിടെയുണ്ടായ വെല്ലുവിളികളെക്കുറിച്ചും വിജയങ്ങളെക്കുറിച്ചും അവർ സംസാരിക്കും. പാചക വിദഗ്ദ്ധയും സഞ്ചാരിയുമായ ഷെനാസ് ട്രഷറിവാല നവംബർ 16 ന് 'യാത്രയും പാചകക്കുറിപ്പുകളും -ഷെനാസുമൊത്ത് ഒരു വൈകുന്നേരം' എന്ന പരിപാടിയിൽ പങ്കെടുക്കും. ' ഓൾ ഹി ലെഫ്റ്റ് മി വാസ് എ റെസിപ്പി' എന്ന തന്റെ പുസ്തകത്തെ ആധാരമാക്കി മികച്ച പാചകക്കുറിപ്പുകൾക്ക് പിന്നിലെ പ്രചോദനത്തെക്കുറിച്ചും സ്വജീവിതത്തെക്കുറിച്ചും അവർ സംസാരിക്കും. രണ്ട് ഇന്ത്യൻ  വനിതാ പുരാവസ്തു ശാസ്ത്ര - ചരിത്ര വിദഗ്ദ്ധരുടെ സാന്നിധ്യമാണ് ഇത്തവണത്തെ മേളയുടെ മറ്റൊരു പ്രധാന സവിശേഷത. നവംബർ 8 ന് ദേവിക കരിയപ്പ ചരിത്രാഖ്യാനത്തിൽ  പുരാവസ്തു ശാസ്ത്രത്തിന്റെ പങ്ക്'എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കും. ചരിത്രാതീത കാലത്തെ കലയെക്കുറിച്ച് പഠനം നടത്തിയിട്ടുള്ള എഴുത്തുകാരിയാണ് ദേവിക. നവംബർ 9 ന് റാണ സഫ്‌വിയും പുസ്തകോത്സവത്തിൽ എത്തും. 'കലാപരമായ പ്രചോദനവും ക്രിയാത്മകതയും' എന്ന വിഷയത്തിൽ റാണ സഫ്‌വി സംസാരിക്കും. ഇന്ത്യയിലെ ചരിത്ര സ്മാരകങ്ങളെക്കുറിച്ച് പ്രത്യേക പഠനം നടത്തിയിട്ടുള്ള റാണ ഇന്ത്യയുടെ സംസ്കാരത്തെയും ചരിത്രത്തെയും കുറിച്ച് 9 പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. Read on deshabhimani.com

Related News