മാർബിൾ കല്ലുകൾ വഴി മയക്കുമരുന്ന് കടത്തിയ സംഘത്തെ ഷാർജ പൊലീസ് പിടികൂടി



ഷാർജ > മാർബിൾ കല്ലുകൾക്കുള്ളിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച സംഘത്തെ ഷാർജ പൊലീസ് പിടികൂടി. "ദി ഡിസ്ട്രക്റ്റീവ് സ്റ്റോൺ" എന്നു പേരിട്ട ഓപ്പറേഷനിലൂടെയാണ് മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്. ഏഷ്യൻ പൗരന്മാരായ പ്രതികൾ 226 കിലോയിൽ അധികം ഹാഷിഷ്, സൈക്കോ ട്രോപിക് ലഹരി വസ്തുക്കൾ, മയക്കുമരുന്ന് എന്നിവ മാർബിൾ പാളികൾക്കിടയിൽ ഒളിപ്പിച്ച് കടത്തി രാജ്യത്ത് വിൽക്കുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു. ഷാർജ പൊലീസിലെ ആന്റി നർകോട്ടിക് വിഭാഗം ഡയറക്ടർ കേണൽ മജീദ് സുൽത്താൻ അൽ അസം, ഷാർജ പൊലീസ് ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുള്ള മുബാറക്ക് ബിൻ അമർ എന്നിവരുടെ നേതൃത്വത്തിലാണ് ഓപ്പറേഷൻ നടന്നത്. ഇതുമായി ബന്ധപ്പെട്ട മൂന്ന് പ്രതികളെ ഷാർജ പൊലീസ് കസ്റ്റഡിയിലെടുത്തു. അന്താരാഷ്ട്ര മയക്കുമരുന്ന് കള്ളക്കടത്ത് ശൃംഖലകളുമായി സംഘത്തിന് ബന്ധമുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ഇതനുസരിച്ച് കൂടുതൽ കുറ്റവാളികളെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ ഷാർജ പൊലീസ് ആരംഭിച്ചു. Read on deshabhimani.com

Related News