ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്



മസ്‌ക്കത്ത് > ഒമാനിലെ ദക്ഷിണ ഷർഖിയ ഗവർണറേറ്റിലെ സൂറിൽ നിന്നും ഒരു കൊച്ചു മിടുക്കി ഗിന്നസ് ബുക്കിലേക്ക്. ഇൻ ലൈൻ റോളർ സ്കേറ്റ്സ് ധരിച്ചുകൊണ്ട്‌, തലയുടെ മുകൾ ഭാഗത്ത് കെട്ടിവച്ച തലമുടിയിൽ ഹുല ഹൂപ് കറക്കി ആറു കിലോമീറ്റർ ദൂരം 28 മിനിറ്റ്‌ 2 സെക്കന്റ് കൊണ്ടാണ് ശിവന്യ തന്റെ റെക്കോർഡ് യത്നം പൂർത്തിയാക്കിയത്. ഡിസംബർ 13 ശനിയാഴ്ച്ച യാണ് ഗിന്നസ് റെക്കോർഡിനുള്ള ഔദ്യോഗിക നിബന്ധനകൾ പാലിച്ചുകൊണ്ട് ശിവന്യയുടെ പ്രകടനം അരങ്ങേറിയത്. ഇന്ത്യൻ സ്കൂൾ സൂർ ആറാം ക്ലാസ് വിദ്യാർഥിനിയാണ് ശിവന്യ പ്രശാന്ത്. ഏഷ്യ ബുക്ക് ഓഫ് റെക്കോർഡും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും നേടിയിട്ടുള്ള ഈ കൊച്ചു മിടുക്കി പഠനത്തിലും മറ്റു കലാ കായിക മത്സരങ്ങളിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. പ്രസ്തുത ചടങ്ങിൽ ഇന്ത്യൻ സ്കൂൾ സൂർ പ്രിൻസിപ്പൽ ഡോ. ശ്രീനിവാസൻ, ഇബ്ര ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ സപ്റ്റൽ ബി മമോത്ര, ഇന്ത്യൻ സ്കൂൾ സ്പോർട്സ് അധ്യാപകരായ അശ്വതി വിശാഖ്, ഇന്ത്യൻ സോഷ്യൽ ക്ലബ് സൂർ പ്രസിഡന്റ് എ കെ സുനിൽ, അഭിജിത്ത് തുടങ്ങി വിശിഷ്ട വ്യക്തികളും സാമൂഹിക പ്രവർത്തകരും പങ്കെടുത്തു. ഒമാനിലെ ഭവാൻ എഞ്ചിനീയറിംഗ് കമ്പനിയിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശിയായ പ്രശാന്തിന്റെയും സുസ്മിതയുടേയും മകളാണ് ശിവന്യ. സഹോദരൻ ശിവാങ്ക് പ്രശാന്ത് കൊൽക്കത്ത എൻ ഐ ടിയിൽ എഞ്ചിനീയറിംഗ് രണ്ടാം വർഷ വിദ്യാർഥിയാണ്. Read on deshabhimani.com

Related News