സന്ദർശക വിസയിൽ എത്തി മരണമടഞ്ഞ തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു



റിയാദ് > സന്ദർശകവിസയിൽ എത്തി രേഖകൾ നഷ്ടപ്പെടുകയും അസുഖബാധിതനായി മരണപ്പെടുകയും ചെയ്ത തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു. ഒന്നര വർഷം മുൻപ് സന്ദർശക വിസയിൽ റിയാദിലെത്തിയ തമിഴ്‌നാട് മാർത്താണ്ഡം സ്വദേശി ഷാജി വിജു വിജയന്റെ (34) മൃതദേഹമാണ് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം ഇന്ത്യൻ എംബസ്സിയുടെ സഹായത്താൽ നാട്ടിലെത്തിച്ചത്. റിയാദ്‌ കിങ്‌ സൗദ് മെഡിക്കൽ സിറ്റിയിലെ മോർച്ചറിയിൽ രണ്ടുമാസത്തോളമായി തിരിച്ചറിയാത്ത മൃതദേഹം ഉണ്ടെന്ന വിവരം മോർച്ചറിയിലെ ജോലിക്കാർ മുഖേനയാണ് കേളി ജീവകാരുണ്യ വിഭാഗം കൺവീനർ നസീർ മുള്ളൂർക്കര അറിയുന്നത്. തുടർന്ന് കേളി ഇന്ത്യൻ എംബസ്സിയിൽ വിവരം അറിയിക്കുകയും പരിശോധിക്കാനുള്ള അനുവാദം വാങ്ങുകയും ചെയ്‌തു. പിന്നീടാണ് വിജയനെ ബന്ധുക്കൾ അന്വേഷിക്കുന്നുണ്ടെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടത്. ഈ അന്വേഷണത്തിലാണ് മോർച്ചറിയിലെ മൃതദേഹം വിജയന്റേതാണെന്ന് തിരിച്ചറിയുന്നത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചിലവുകൾ പൂർണ്ണമായും ഇന്ത്യൻ എംബസി വഹിച്ചു. ഇന്ത്യൻ എംബസി ഡെത്ത് വിഭാഗവും ഫസ്റ്റ് സെക്രട്ടറി മൊയിൻ അക്തർ, അറ്റാഷെ മീനാ ഭഗവാൻ എന്നിവർ വിഷയത്തിൽ ഇടപെട്ടു. മരണമടഞ്ഞ വിജയന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. Read on deshabhimani.com

Related News