പുതിയ താമസ നിയമത്തിന് അമീർ അംഗീകാരം നൽകി
കുവൈത്ത് സിറ്റി > പുതിയ താമസ നിയമത്തിന് കുവൈത്ത് അമീർ അംഗീകാരം നൽകി. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ നിയമം നിലവിൽ വരും. വിസ കച്ചവടം പോലുള്ള നിയമലംഘനങ്ങൾക്കെതിരെ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനുള്ള വ്യവസ്ഥകൾ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അമീർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഏഴ് അധ്യായങ്ങളിലായി 36 ആർട്ടിക്കിളുകൾ പുതിയ റസിഡൻസി നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 1959 ലെ പഴയ നിയമത്തിൽ ഭേദഗതികൾ ഉൾപ്പെടുത്തുകയും പുതിയ വെല്ലുവിളികൾക്ക് പരിഹാര മാർഗങ്ങൾ നിർദേശിക്കുകയും ചെയ്യുന്നു. നിയമലംഘനങ്ങൾക്ക് തടവും കനത്ത പിഴയും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രവാസികളുടെ രാജ്യത്തേക്കുള്ള പ്രവേശനം, താമസം, റെസിഡൻസ് പെർമിറ്റ്, ഗാർഹിക തൊഴിലാളികൾ, സർക്കാർ-സർക്കാറിതര തൊഴിലാളികൾ, സ്പോൺസറുടെ ഉത്തരവാദിത്തം, ഫീസും ഇളവുകളും, മനുഷ്യകടത്തും അനുബന്ധ കുറ്റകൃത്യങ്ങളും, ശിക്ഷാനടപടികൾ എന്നിവയെല്ലാം ഇതിൽ ഉൾക്കൊള്ളുന്നു. Read on deshabhimani.com