ഇസ്രയേലിനുനേരെ ഹൈപ്പര്‍സോണിക് മിസൈല്‍ ആക്രമണം നടത്തിയെന്ന് ഹുതികള്‍



മനാമ > ഇസ്രയേലിലെ ടെല്‍ അവീവിലെ സൈനീക കേന്ദ്രത്തിന് നേരെ ഹൈപ്പര്‍സോണിക് ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായി യെമനിലെ ഹൂതി മിലിഷ്യ. പലസ്തീന്‍, ലെബനന്‍ ജനതക്കും അവരുടെ ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങള്‍ക്കും പിന്തുണയായായിരുന്നു മിസൈല്‍ ആക്രമണം. പലസ്തീന്‍ - 2 എന്ന പേരിട്ട മിസൈല്‍ അധിനിവേശ യഫയിലെ (ടെല്‍ അവീവ്) കിഴക്കുള്ള സെനീക കേന്ദ്രത്തില്‍ പതിച്ചതായി ഹൂതി സായുധ സേന വക്താവ് യഹ്യ സാരി അറിയിച്ചു. അമേരിക്കന്‍, ഇസ്രായേല്‍ പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് മിസൈല്‍ വിജയകരമായി ലക്ഷ്യം കണ്ടതായും സാരി പറഞ്ഞു. ചൊവ്വാഴ്ച രാവിലെയാണ് മിസൈല്‍ ആക്രമണം. സാധാരണ മിസൈല്‍ ആക്രമണങ്ങള്‍ വിജയകരമായി തകര്‍ത്തു എന്ന് അവകാശപ്പെടാറുള്ള ഇസ്രയേലി സൈനിക കമാന്‍ഡോ ഇസ്രായേലി മാധ്യമങ്ങളോ ടെല്‍ അവീവിന് മുകളില്‍ ബാലിസ്റ്റിക് മിസൈല്‍ തടഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം, ടെല്‍ അവീവില്‍ പ്രാദേശിക സമയം രാവിലെ 7.45 ന് സൈറണുകള്‍ മുഴങ്ങി. എന്നാല്‍, അത് ലെബനനില്‍ നിന്നും ഹിസ്ബുള്ള വിക്ഷേപിച്ച റോക്കറ്റിനെ തുടര്‍ന്നെന്നാണ് ഇസ്രയേല്‍ അവകാശവാദം. ശബ്ദത്തിന്റെ അഞ്ചിരട്ടിയേക്കാള്‍ ഉയര്‍ന്ന വേഗത്തില്‍ പറക്കുന്ന ഹൈപ്പര്‍സോണിക് മിസൈലുകള്‍ വേഗവും പെട്ടന്ന് സഞ്ചാരപാത മാറാനുള്ള കഴിവും കാരണം പ്രതിരോധ സംവിധാനങ്ങള്‍ക്ക് നിര്‍ണായക വെല്ലുവിളിയാണ്. ഹൂതി മിലിഷ്യകള്‍ക്ക് ഹൈപ്പര്‍സോണിക് മിസൈല്‍ ഉണ്ടെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ റഷ്യന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആര്‍ഐഎ നവോസ്തി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശബ്ദത്തേക്കാള്‍ എട്ടിരട്ടിവരെ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്നതും ഖര ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ മിസൈല്‍ വിജയകരമായി പരീക്ഷിച്ചതായി ഹൂതി സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ചായിരുന്നു റിപ്പോര്‍ട്ട്. ചെങ്കടലിലെയും ഏദന്‍ ഉള്‍ക്കടലിലെയും ആക്രമണങ്ങളിലും ഇസ്രായേലിലെ ലക്ഷ്യങ്ങള്‍ക്കെതിരെയും ഉപയോഗിക്കുന്നതിനായി ഹൂതികള്‍ ഇത് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ഹൂതികള്‍ക്ക് പിന്‍തുണ നല്‍കുന്ന ഇറാന്‍ തങ്ങള്‍ക്ക് ഹൈപര്‍സോണിക് മിസൈല്‍ ഉണ്ടെന്ന് അവകാശപ്പെട്ടിരുന്നു. ഇറാനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഉക്രെയ്‌നിലെ യുദ്ധഭൂമിയില്‍ ഹൈപ്പര്‍സോണിക് മിസൈല്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയവും വെളിപ്പെടുത്തിയിരുന്നു. Read on deshabhimani.com

Related News