പ്രവാസികൾക്ക് ചികിത്സക്കായി നിർമ്മിച്ച ദമാൻ ആശുപത്രികളുടെ പ്രവർത്തനം സജ്ജമാകുന്നു



കുവൈത്ത്  സിറ്റി > കുവൈത്തിലെ പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കും മാത്രമായി ചികിത്സാ സംവിധാനം ഒരുക്കുന്നതിനായി സജ്ജീകരിക്കുന്ന  ദമാൻ ആശുപത്രികള്‍ പ്രവര്‍ത്തന സജ്ജമാകുന്നു. ദമാൻ ഇൻഷുറൻസ് കമ്പനിയുടെ കീഴിൽ നിർമിക്കുന്ന ആശുപത്രികൾക്കായുള്ള കെട്ടിടങ്ങൾ ഒരുങ്ങി. ആശുപത്രിയിൽ സജ്ജീകരിച്ച അത്യാധുനിക ഉപകരണങ്ങളുടെ പ്രവർത്തനക്ഷമത അവലോകനം ചെയ്യുകയും വിവിധ ചികിത്സാ  വിഭാഗങ്ങളിലെ സ്‌പെഷലൈസ്ഡ്  ഡോക്ടർമാരുമായി അധികൃതർ ചർച്ച നടത്തുകയും ചെയ്തു. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് അഹമ്മദിയിലെ ആശുപത്രിയിലേയും ഫഹാഹീല്‍ ഹെൽത്ത് സെന്ററിലേയും സംവിധാനങ്ങൾ കഴിഞ്ഞ ദിവസം ദമാന്‍ അധികൃതര്‍ പരിശോധിച്ചു . സര്‍ക്കാര്‍- സ്വകാര്യമേഖല പങ്കാളിത്തത്തില്‍ പ്രവാസികളുടെ ചികിത്സക്കായി മിഡില്‍ ഈസ്റ്റിലെ തന്നെ ആദ്യത്തെ ആരോഗ്യ പരിപാലന സംവിധാനമാണ് ദമാന്‍ ആശുപത്രികൾ. മെഡിക്കല്‍ ലബോറട്ടറികള്‍, റേഡിയോളജി സെന്ററുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍ സേവനങ്ങള്‍, ആംബുലന്‍സ്, മെഡിക്കല്‍ പരിശീലന സൗകര്യങ്ങള്‍ തുടങ്ങിയ സേവനങ്ങള്‍ ദമാൻ ആരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാകും. ഹെല്‍ത്ത് കെയര്‍ ഫെസിലിറ്റിക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയതായി മെഡിക്കല്‍ സര്‍വീസസ് ഡയറക്ടര്‍ ഡോ. അന്‍വര്‍ അല്‍ റഷീദ് പറഞ്ഞു. പദ്ധതി പൂർണമായും പ്രവർത്തനക്ഷമമാകുന്നതോടെ സ്വദേശികള്‍ക്ക് 6,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ദമാന്‍ ഡയറക്ടർ ബോർഡ് അംഗം ഖാലിദ് അൽ അബ്ദുൾഗാനി പറഞ്ഞു. ഇന്‍ഷുറന്‍സ് കമ്പനിക്കു കീഴില്‍ രാജ്യവ്യാപകമായി 12 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ഫഹാഹീലും ജഹ്റയിലുമായി രണ്ട് ആശുപത്രികളുമാണ് ഒരുങ്ങുന്നത്. സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും മികച്ച ആരോഗ്യ സേവനങ്ങൾ ഇവിടെ നിന്ന് ലഭിക്കും. കെട്ടിടം, ചുറ്റുപാടുകൾ, മെഡിക്കല്‍ ഉപകരണങ്ങള്‍, പ്രൊഫഷണല്‍, അഡ്മിനിസ്‌ട്രേറ്റീവ് ടെക്‌നിക്കല്‍ സ്റ്റാഫ് എന്നിവയുടെ കാര്യത്തില്‍ ഇത് അന്താരാഷ്ട്ര ആശുപത്രികളുമായി മത്സരിക്കും. എല്ലാ അത്യാധുനിക സൗകര്യങ്ങളുമുള്ള ആശുപത്രികളും ക്ലിനിക്കുകളുമാണ് തയ്യാറാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അമീറിൻ്റെ നിർദ്ദേശപ്രകാരം  കുവൈത്ത്  2035 ദേശീയ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രവാസികൾക്കായി പ്രത്യേക ആരോഗ്യ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. Read on deshabhimani.com

Related News