പ്രവാസി റെസിഡൻസി വിസ പുതുക്കൽ; അമിത ഫീസ് വ്യവസ്ഥ രാജ്യത്തിന്റെ മാനുഷിക മുഖത്തിന് അപമാനം: കുവൈത്ത് ആഭ്യന്തരമന്ത്രി



കുവൈത്ത്‌ സിറ്റി > കുവൈത്തിൽ യൂണിവേഴ്സിറ്റി ‌ ബിരുദമില്ലാത്ത 60 വയസ്സ് കഴിഞ്ഞ പ്രവാസികളുടെ റെസിഡൻസി പുതുക്കുന്നതിന് അമിതമായ ഫീസ് നൽകണമെന്ന വ്യവസ്ഥ കുവൈത്തിന്റെ മാനുഷിക മുഖത്തിന് ഏറ്റ അപമാനമെന്ന് ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹ് . 2021-ജനുവരിയിലാണ് ഇത്തരമെരു തീരുമാനം മന്ത്രാലയം സ്വീകരിച്ചത്. നിലവിലെ വ്യവസ്ഥപ്രകാരം 60 വയസ്സ് കഴിഞ്ഞ വിദേശി ആരോഗ്യ ഇൻഷുറൻസ് ഉൾപ്പെടെ വർക്ക് വിസ പുതുക്കുന്നതിന് പ്രതിവർഷം ആയിരം ദിനാർവരെ ഫീസ് നൽകേണ്ട സാഹചര്യമാണുള്ളത്. ഇതേ തുടർന്ന് മലയാളികൾ ആയിരക്കണക്കിന് പ്രവാസികൾക്കാണ് രാജ്യം വിടേണ്ടി വന്നത്. ആഭ്യന്തര മന്ത്രിയുടെ നിർദേശ പ്രകാരം വരും ദിവസങ്ങളിൽ ഈ നിയന്ത്രണം ഒഴിവാക്കുമെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തെ പ്രവാസികളുടെ അവകാശങ്ങൾ പൂർണമായും സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് സർക്കാർ അധികാരികൾക്ക് നിർദേശം നൽകിയതായി ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹ് വ്യക്തമാക്കി. വിദേശ തൊഴിലാളികളുടെ അവകാശങ്ങൾ ലംഘിക്കുന്ന കമ്പനികൾക്കെതിരെ നിയമപരമായി ഉൾപ്പെടെ കർശന നടപടി സ്വീകരിക്കാൻ വ്യക്തമായ നിർദേശമുണ്ട്. ഇത് പാലിക്കപ്പെടുമെന്ന് മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹ് കൂട്ടിചേർത്തു. എന്ത് കാരണമായാലും ജീവനക്കാരുടെ ശമ്പളം നൽകാതിരിക്കുന്നതിന് ഒരു ന്യായീകരണവുമില്ലെന്ന് മന്ത്രി പറഞ്ഞു. കുവൈത്തിൽ ജനിച്ച പ്രവാസികളുണ്ട് . അത്‌പോലെ ജീവിതത്തിന്റെ പകുതിയിലധികം ഇവിടെ ചെലവഴിച്ചവരുമുണ്ട്. അവരോട് നാം നീതി പുലർത്തണം, അവരുടെ സേവനത്തെ അഭിനന്ദിക്കണം, അവരുടെ അടിസ്ഥാന അവകാശങ്ങൾ സംരക്ഷിച്ച് രാജ്യത്ത് തുടരാൻ അനുവദിക്കണമെന്ന നിലപാടാണുള്ളതെന്ന് ഹവാലിയിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ നേത്യത്വത്തിൽ നടന്ന പരിശോധനയ്ക്കിടെ പ്രദേശിക ദിനപത്രത്തിന് നൽകിയ പ്രസ്താവനയിൽ അദ്ദേഹം വ്യക്തമാക്കി. Read on deshabhimani.com

Related News