'മജ്ദ് ലോക്കൽ കണ്ടൻ്റ് പ്രോഗ്രാ'മിന് തുടക്കം



മസ്‌ക്കത്ത് > സുൽത്താനേറ്റിന്റെ ഊർജ, ധാതു മേഖലകളിലെ പ്രാദേശിക പ്രാതിനിധ്യം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള ഊർജ-ധാതു മന്ത്രാലയത്തിന്റെ 'മജ്ദ് ലോക്കൽ കണ്ടൻ്റ് പ്രോഗ്രാ'മിന് തുടക്കം കുറിച്ചു. പ്രാദേശിക സംരംഭകരെ ലക്ഷ്യമിട്ടുള്ള പദ്ധതി ഏകദേശം 172.5 മില്യൺ യുഎസ് ഡോളറിലധികം മൂല്യമുള്ള 12 കരാറുകൾ ഉൾപ്പെടുന്നതാണ്. ധനകാര്യ മന്ത്രി ഡോ. സെയ്ദ് ബിൻ മുഹമ്മദ് അൽ സഖ്രി, ഊർജ, ധാതു വകുപ്പ് മന്ത്രി സലിം ബിൻ നാസർ അൽ ഔഫി എന്നിവരുൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ, പ്രമുഖ എണ്ണ-പ്രകൃതിവാതക, പുനരുപയോഗോർജ, ഖനന കമ്പനികളുടെ പ്രതിനിധികളും പൊതു-സ്വകാര്യ മേഖലകളിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. ദേശീയ വ്യവസായങ്ങൾക്കും സാമ്പത്തിക വൈവിധ്യവൽക്കരണത്തിനുമുള്ള ഗവൺമെൻ്റിൻ്റെ തന്ത്രപരമായ മുന്നേറ്റത്തെ ധനകാര്യ മന്ത്രി പ്രശംസിച്ചു. കഴിഞ്ഞ സാമ്പത്തികവർഷം എണ്ണ-പ്രകൃതി വാതക മേഖലയുടെ ചെലവിൻ്റെ 16 ശതമാനം ചെറുകിട, ഇടത്തരം സംരംഭങ്ങളിലൂടെയാണ് സമാഹരിച്ചതെന്നും, രാജ്യത്തിൻറെ സാമ്പത്തിക വളർച്ചയെ മുന്നോട്ടു നയിക്കുന്നതിൽ പ്രാദേശിക സംരംഭങ്ങളുടെ പ്രാധാന്യം ഇതിൽ നിന്നു തന്നെ വ്യക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. മജ്ദ് ലോക്കൽ കണ്ടൻ്റ് പ്രോഗ്രാ'മിലൂടെ വ്യവസായങ്ങളെ പ്രാദേശികവൽക്കരിക്കാനും രാജ്യത്തെ ഉയർന്നു വരുന്ന ബിസിനസ് പ്രതിഭകളെ പരിപോഷിപ്പിക്കാനും, കൂടുതൽ സ്വദേശി യുവാക്കൾക്ക് ഈ മേഖലകളിൽ അവസരമൊരുക്കാനും പ്രതിജ്ഞാബദ്ധരാണെന്ന് ചടങ്ങിൽ സംബന്ധിച്ച ഊർജവകുപ്പ് മന്ത്രി പറഞ്ഞു. നിർമ്മാണം മുതൽ സംയോജിത ഡ്രില്ലിംഗ് സേവനങ്ങൾ വരെയുള്ള വിവിധ മേഖലകളിൽ നിരവധി കരാറുകൾ ചടങ്ങിൽ ഒപ്പുവച്ചു. ഒമാൻ വിഷൻ 2040 ൻ്റെ ഭാഗമായ 'മജ്ദ് ലോക്കൽ കണ്ടൻ്റ്  പ്രോഗ്രാം', ഇറക്കുമതിയിലൂന്നിയ നിലയിൽ  നിന്ന് പടിപടിയായി സ്വയം പര്യാപ്തതയിലേക്ക് നീങ്ങി സുസ്ഥിര മനുഷ്യ വിഭവശേഷിയും പ്രാദേശിക ഉൽപ്പാദന വർദ്ധനയും ലക്ഷ്യമിടുന്നതായും, ഇതുവഴി ഒമാൻറെ സാമ്പത്തിക മേഖലയിൽ വലിയ കുതിപ്പുണ്ടാക്കാൻ പ്രേരകശക്തിയാവുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രാലയ പ്രതിനിധികൾ സംയുക്തപ്രസ്താവനയിൽ പറഞ്ഞു. Read on deshabhimani.com

Related News