സ്നേഹത്തിൻ്റെ ഓർമ്മ കൂട് ഒരുക്കി പ്രവാസ ലോകം സൈമൺ മാഷിന് യാത്രയയപ്പ് നൽകുന്നു



യുഎഇ > ഈസ്റ്റ്‌ കോസ്റ്റ് മേഖലയിലെ സാമൂഹ്യ-സാംസ്ക്കാരിക . രംഗത്തെ സജീവ സാന്നിദ്ധ്യമായ സൈമൺ സാമുവേൽ ഗൾഫ് പ്രവാസ ജീവിതം മതിയാക്കി നട്ടിലേക്ക് മടങ്ങുന്നു. പ്രവാസകേരളത്തിന് മുഖമൊഴി ആവിശ്യമില്ലാതെ ഏറെ സുപരിചിതനായ വ്യക്തിത്വം. സൈമൺ മാഷ് എന്നാണ്  പ്രവാസി മലയാളികൾ ആദരപൂർവം സംബോധന ചെയ്യുക. കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറയുടെ രക്ഷാധികാരിയും, ലോക കേരള സഭാംഗവും എന്ന നിലയിൽ പ്രവാസ മലയാളികളുടെ ഒട്ടേറെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ അദ്ദേഹത്തിന് കഴിഞ്ഞു.കേരള സർക്കാരിന്റെ പ്രവാസി ക്ഷേമ ആനുകൂല്യങ്ങൾ ആവിശ്യകാർക്ക് വേഗത്തിൽ ലഭ്യമാക്കുന്നതിന് സൈമൺ മാഷിന്റെ  ഇടപെടീലുകൾക്ക് കഴിഞ്ഞിട്ടുണ്ട്. മരണമടയുന്ന പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനും അർഹതപ്പെട്ടവർക്ക് ചികിത്സാ സഹായം ഉറപ്പാക്കുന്നതിനും അദ്ദേഹത്തിന്റെ സേവനത്തിന് കഴിഞ്ഞു. പ്രവാസി മലയാളികൾക്ക് സഹായത്തിനായി ഏതു സമയത്തും എപ്പോഴും സമീപിക്കാവുന്ന സന്നദ്ധ പ്രവർത്തകനാണ് മാഷ്. ലോക കേരള സഭാംഗമെന്ന നിലയിൽ പ്രവാസി മലയാളികളെ സംബന്ധിക്കുന്ന  നയപരമായ കാര്യങ്ങളിൽ ഫലപ്രദമായ നിർദ്ദേശങ്ങൾ ബന്ധപ്പെട്ട വേദികളിൽ അവതരിപ്പിച്ച്‌ നടപ്പിലാക്കിയെടുക്കുന്നതിൽ നിർണ്ണായകമായ പങ്കു വഹിച്ചു.പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ നടന്ന മൈഗ്രേഷൻ കോൺക്ലേവിന്റെ യു.എ.ഇ കോ-ഓർഡിനേറ്ററായി പ്രവർത്തിക്കുകയും അനേകം പ്രവാസികൾക്ക് അതിൽ പങ്കെടുക്കുവാനും, പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരം ഒരുക്കി. സൈമൺ മാഷും അതിൽ പ്രബന്ധമവതരിപ്പിക്കുകയുണ്ടായി. കേരളത്തിലും പ്രവാസ മേഖലയിലും വലിയൊരു സൗഹൃദതിന് ഉടമയാണദ്ദേഹം.  നിലപാടുകളിലെ ദൃഢതയും, സ്നേഹവായ്പ്പുകളോടെ കൂടിയ സൗമ്യമായ പെരുമാറ്റവും മികച്ച നേത്യത്വവും പ്രവർത്തന രംഗത്തെ ദീർഘവീക്ഷണത്തോടു കൂടിയ നിർദ്ദേശങ്ങളും അദ്ദേഹത്തെ കൂടുതൽ ജനകീയനാക്കുന്നു.നല്ല സംഘാടകനും, ഉജ്ജല വാഗ്മിയും കുടിയാണദ്ദേഹം.കൈരളി കൾചറൽ അസോസിയേഷൻ ഫുജൈറയെ ശ്രദ്ധേയമായ രീതിയിൽ പ്രവാസ ലോകത്ത് വളർത്തിയെടുക്കുന്നതിൽ  സൈമൺ സാമുവേലിന്റെ സംഭാവന വളരെ വലുതാണ്. ഒത്തൊരുമയോടെയും ചിട്ടയോടെയും ഉള്ള സംഘടനാ പ്രവർത്തനം  അദ്ദേഹതിൻന്റെ നേതൃപാടവം വിളിച്ചറിയിക്കുന്നതാണ്. കേരളോത്സവം , സ്കൂൾ യുവജനോത്സവം ,  സാഹിത്യ സദസ്സ്, സാംസ്ക്കാരിക പരിപാടികൾ , കലാസന്ധ്യകൾ, മെഡിക്കൽ ക്യാമ്പുകൾ തുടങ്ങി ഒട്ടേറെ പരിപാടികളുടെ മുഖ്യ സംഘാടകനായും ഉപദേശകനായും  അദ്ദേഹം പ്രവർത്തിച്ചു. മഹാമാരി കാലത്തും മഹാപ്രളയകാലത്തും വയനാട് പ്രകൃതി ദുരന്തത്തിലും സഹായഹസ്തമൊരുക്കുന്നതിന് കൈരളിക്കും മാഷിനും കഴിഞ്ഞു.നോർക്കയുടെ നേതൃത്വത്തിൽ കോവിഡ് ഹെൽപ്പ് ഡെസ്ക്ക് രൂപീകരിച്ച് എല്ലാ പ്രവാസി സംഘടനകളുടെയും പ്രവർത്തനം ഏകോപിപ്പിക്കുന്നതിൽ സൈമൺ സാമുവേൽ നേതൃത്വം നൽകി.ശക്തമായ മഴയെ തടർന്ന് യുഎഇ. ഈസ്റ്റ് കോസ്റ്റ് മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് അനുഭവപ്പെട്ടപ്പോൾ ബന്ധപ്പെട്ടവരുമായി ചേർന്ന് സൈമൺ മാഷിന്റെ നേതൃത്വത്തിൽ കൈരളി പ്രവർത്തകർ നടത്തിയ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. മികച്ച അദ്ധ്യാപകനുള്ള പുരസ്ക്കാരം പല തവണ അദ്ദേഹത്തെ തേടിയെത്തി. ഫുജൈറ ഔർ ഓൺ ,അൽ ദിയാർ സ്കൂളുകളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. വിദ്യാർത്ഥി സമൂഹത്തിന്റെയും, സഹപ്രവർത്തകരുടെയും പ്രിയങ്കരനായ ഗണിതാദ്ധ്യാപകനാണ് സൈമൺ മാഷ്. മലയാളം മിഷൻ യു.എ.ഇ കോ- ഓർഡിനേഷൻ കമ്മറ്റി അംഗവും ഫുജൈറ മേഖലാ കമ്മറ്റിയുടെ ആദ്യ സെക്രട്ടറിയും ഉപദേശകനുമായി അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചു. അലൈൻ മലയാളി സമാജം വൈസ് പ്രസിഡന്റ്‌ കൈരളി ഖോർഫക്കാൻ യൂണിറ്റ് പ്രസിഡന്റ്‌ ,കൈരളി രക്ഷാധികാരി ,ലോക കേരള സഭാംഗം ,അദ്ധ്യാപകൻ എന്നി നിലകളിലെല്ലാം സ്തുത്യർഹമായ സേവനമാണ് സൈമൺ മാഷ് നിർവഹിച്ചത്.2005 ഒക്ടോബറിലാണ് സൈമൺ സാമുവേൽ യു.എ.യിലെത്തുന്നത്. ഗണിത ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്. പത്തനംതിട്ട ജില്ലയിലെ അയിരൂർ ഗ്രാമപഞ്ചായത്തിൽ സാമുവേൽ സൈമൺന്റെയും, ഏലിയാമ്മ സാമുവേലിന്റെയും മകനായി ജനിച്ചു.ഇടപ്പാവൂർ എം ടി എൽ പി എസ്  സ്കൂൾ, ആയിരൂർ MTHS സ്കൂൾ, കോഴഞ്ചേരി സൈന്റ്റ്‌ തോമസ് കോളേജ് ,തിരുവല്ല മർത്തോമ കോളേജ് ,ടൈറ്റസ് സെക്കന്റ്‌ ടീച്ചേഴ്സ് കോളേജ് എന്നിവടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറും,  തിരുവല്ല മർത്തോമ കോളേജിൽ കോളേജ് യൂണിയൻ ചെയർമാനായിരുന്നു. പിന്നീട് ടൈറ്റസ് സെക്കന്റ്‌ ടീച്ചേഴ്സ് കോളേജിൽ നിന്നും യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ ആയും തുടർന്ന് മഹാത്മ ഗാന്ധി സർവ്വകലാശാല യൂണിയൻ ചെയർമാനായും തെരഞ്ഞെടുക്കപ്പെട്ടു. പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ    പത്തനംതിട്ട ജില്ലാ സെക്രട്ടറിയായും,പുരാഗമന പ്രസ്ഥാനത്തിന്റെ അയിരൂർ സൗത്ത് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. സഹധർമ്മിണി ജിജി പി.എബ്രഹാം നഴ്സായി സേവനമനുഷ്ഠിക്കുന്നു. മക്കൾ ജസിന്ത ,ജയ്സ് എന്നിവർ സ്കൂൾ വിദ്യാർത്ഥികളാണ്.ഗൾഫ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സൈമൺ മാഷിന്റെ അസാന്നിദ്ധ്യം പ്രവാസികളുടെ സാംസ്കാരിക,സൗഹൃദ്ദ കൂട്ടായ്മകൾക്കും പ്രവാസി മലയാളികൾക്കും വലിയ നഷ്ടമായിരിക്കും. ഒട്ടേറെ പ്രവാസി സംഘടനകളും അസോസിയേഷനുകളും സുഹൃദ് വലയങ്ങളും ഒരുക്കുന്ന യാത്രയയപ്പ് യോഗങ്ങളിൽ പങ്കെടുക്കുന്ന തിരക്കിലാണ് അദ്ദേഹം . കൈരളി കൾച്ചറൽ അസോസിയേഷൻ സെൻട്രൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സഹപ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന് വിപുലമായ യാത്രയയപ്പ് നൽകി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് വിൽ‌സൺ പട്ടാഴി അധ്യക്ഷത വഹിച്ചു സെക്രട്ടറി സുജിത് വി പി മൊമെന്റോ സമർപ്പിച്ചു. മലയാളം മിഷൻ ഫുജൈറ ചാപ്റ്റർ പ്രവർത്തകയോഗം  ചെയർമാൻ ഡോ.പുത്തൂർ അബ്ദുൾ റഹ്മാന്റെ അദ്ധ്യക്ഷതയിൽ കൂടി സൈമൺ സാമുവേലിന് യാത്രയയപ്പ് നൽകി. കേരളോത്സവത്തിൽ വച്ച് കൈരളി ഫുജൈറ യൂണിറ്റിന്റെ സ്നേഹോപഹാരം അഡ്വ.കെ.പ്രേംകുമാർ എം.എൽ.എ. സൈമൺ മാഷിന് കൈമാറി. കൈരളി ദിബ്ബ യൂണിറ്റിന്റെ കുടുംബ സംഗമത്തിൽ വച്ച് യൂണിറ്റ് സൈമൺ മാഷിന് സ്നേഹോപഹാരം സമർപ്പിച്ചു. ഖോർഫക്കാൻ ഇന്ത്യൻ സോഷ്യൽ ക്ലബ്, ഫുജൈറയിലെ അധ്യാപക സുഹൃത്തുക്കൾ, സതീർത്ഥ്വർ ,കുടുംബ സുഹൃത്തുകൾ എന്നിവരും മാഷിന് യാത്രയയപ്പ് നൽകി.തങ്ങളുടെ ഹൃദയ സഹയാത്രികനായ സൈമൺ മാഷിന്  . കാലദേശാതിരുകൾക്കപ്പുറം തുടർന്നും ജനപക്ഷത്ത് നിന്ന് വളരാനും ഉയരങ്ങൾ കീഴടക്കാനും മാഷിന് കഴിയട്ടെയെന്ന് ആശംസിക്കുന്നു. പ്രവാസം നൽകിയ അനുഭവങ്ങളുടെ കരുത്തും സ്നേഹത്തിൻ്റെ ഓർമ്മകൂടുമായി നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി മലയാളികളുടെ പ്രിയപ്പെട്ട സൈമൺ മാഷിന്  സ്നേഹാദരവുകൾ.   Read on deshabhimani.com

Related News