ഇന്ത്യക്കാരുടെ തൊഴില്‍ കുടിയേറ്റം ഉണ്ടാക്കിയ സ്വാധീനം ചര്‍ച്ച ചെയ്യപ്പെടണം: ഐസിഎഫ്



മസ്‌കത്ത്> ഇന്ത്യക്കാരുടെ തൊഴില്‍ കുടിയേറ്റം ഉണ്ടാക്കിയ സ്വാധീനം ചര്‍ച്ച ചെയ്യപ്പെടണമെന്ന് ഐസിഎഫ്. എസ്‌ വൈ എസ് പ്ലാറ്റിനം ഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന യൂണിറ്റ് സമ്മേളനത്തിലാണ്‌ ഇത്‌ ചർച്ചയായത്‌. 'ദേശാന്തരങ്ങളിലിരുന്ന് ദേശം പണിയുന്നവര്‍' എന്ന പ്രമേയത്തില്‍ ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് വേദി തുറക്കുകയാണെന്ന് ഐസിഎഫ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അടുത്ത മാസം ഏഴ് മുതല്‍ പത്ത് വരെ തീയതികളിലാണ്‌ സമ്മേളനങ്ങള്‍ നടക്കുക. കുടിയേറ്റം സാമ്പത്തിക രംഗങ്ങളില്‍ ഉണ്ടാക്കിയ മാറ്റങ്ങള്‍ നിരന്തരം പരാമര്‍ശിക്കപ്പെടാറുണ്ട്. വിദേശ പണത്തിന്റെ വരവ് ബാങ്ക് വഴിയാകുമ്പോള്‍ അതിന് ഏകദേശ കൃത്യത ഉണ്ടാവും. അതേസമയം സാമൂഹിക മേഖലകളില്‍ പ്രവാസം ഏതൊക്കെ രീതിയില്‍ പ്രതിഫലിക്കപ്പെട്ടുവെന്ന് ഗവേഷണം ചെയ്യപ്പെണ്ടതാണ്. സാമ്പത്തികമായി വലിയ സംഭാവന നല്‍കുന്ന പ്രവാസിക്ക് രാജ്യം എന്ത് തിരിച്ചു നല്‍കുന്നുവെന്നത് ചിന്തിക്കേണ്ടതുണ്ട്. ഒരു പ്രവാസിയും പൊതു ഇടങ്ങളിലെ പ്രതിനിധിയല്ല. ജനാധിപത്യ വ്യവസ്ഥയ്ക്ക് പുറത്താണ് അവര്‍. റേഷന്‍ കാര്‍ഡില്‍ നിന്ന് പേരുകള്‍ ഒഴിവാക്കപ്പെട്ടവരായി, വേരറുക്കപ്പെടുന്ന സമൂഹമായി മാറുന്നത് രാജ്യത്തെ അസ്വസ്ഥപ്പെടുത്തേണ്ടതാണ്. സമ്മേളനത്തിന്റെ ഭാഗമായി സാന്ത്വന സേവന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തും. 'സ്പര്‍ശം' എന്ന പേരിലുള്ള പദ്ധതിയില്‍ രാജ്യത്തെ നിയമ സംവിധാനങ്ങള്‍ക്കകത്ത് നിന്ന് കൊണ്ടുള്ള സേവന പ്രവര്‍ത്തനങ്ങള്‍ നടക്കും. ഹോസ്പിറ്റലില്‍ രോഗി സന്ദര്‍ശനം, സഹായം, ജയില്‍ സന്ദര്‍ശനം, കാമ്പയിന്‍, രക്ത ദാനം, രക്ത ഗ്രൂപ്പ് നിര്‍ണയം, മെഡിക്കല്‍ ക്യാമ്പ്, എംബസി, പാസ്‌പോര്‍ട്ട്, ഇഖാമ മാര്‍ഗനിര്‍ദേശം, നോര്‍ക്ക സേവനങ്ങള്‍, നാട്ടില്‍ പോകാനാകാത്തവര്‍ക്ക് എയര്‍ ടിക്കറ്റ്, ജോലിയില്ലാതെയും മറ്റും സാമ്പത്തികമായി തകര്‍ന്നവര്‍ക്ക് ഫുഡ്, റൂം റെന്റ് എന്നിവ നല്‍കല്‍, നാട്ടില്‍ കിണര്‍, വീട്, വിവാഹ, ഉപരി പഠന സഹായം, രോഗികള്‍ക്ക് പ്രത്യേകിച്ച് ഡയാലിസിസ്, കിഡ്‌നി, ക്യാന്‍സര്‍ രോഗികള്‍ക്ക് സഹായം, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. സമ്മേളനത്തിന്റെ സ്മാരകമായി 'രിഫായി കെയര്‍' എന്ന പേരില്‍ കാരുണ്യ പദ്ധതി നടപ്പാക്കും. ഓട്ടിസം ബാധിച്ച കുട്ടികളോടുള്ള സമൂഹത്തിന്റെ മനോഭാവം മാറ്റാന്‍ ആവശ്യമായ ബോധവല്‍ക്കരണവും ചികിത്സക്കും പരിചരണത്തിനും സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന തെരെഞ്ഞെടുത്ത ആയിരം കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതാണ് പദ്ധതി. പദ്ധതിയ്ക്ക്‌ മൂന്ന് കോടി രൂപ വിനിയോഗിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഐ സി എഫ് ഒമാന്‍ നാഷനല്‍ പ്രസിഡന്റ് ശഫീഖ് ബുഖാരി, ജനറല്‍ സെക്രട്ടറി മുഹമ്മദ് റാസിഖ് ഹാജി, ഫിനാന്‍സ് സെക്രട്ടറി അശ്‌റഫ് ഹാജി, ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് അഫ്‌സല്‍ എറിയാട്, ഓര്‍ഗനൈസേഷന്‍ സെക്രട്ടറി നിഷാദ് ഗുബ്ര, അസ്മിന്‍ സെക്രട്ടറി ജാഫര്‍ ഓടത്തോട് എന്നിവര്‍ പങ്കെടുത്തു. Read on deshabhimani.com

Related News