ഖത്തറിൽ ട്രാഫിക് നിയമ ലംഘകർക്ക് പിഴയടക്കാതെ രാജ്യം വിടാനാകില്ല
ദോഹ > ഖത്തറിൽ ട്രാഫിക് നിയമ ലംഘകർക്ക് സെപ്റ്റംബർ 1 മുതൽ പിഴയും കുടിശ്ശികയും നൽകാതെ ഏതെങ്കിലും അതിർത്തികളിലൂടെ (കര, വായു, കടൽ) രാജ്യം വിടാൻ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം (എംഒഐ). എക്‌സിൽ എംഒഐ പ്രസിദ്ധീകരിച്ച നിർദ്ദേശങ്ങൾ അനുസരിച്ച് പിഴയും കുടിശ്ശികയും (Metrash2) ആപ്ലിക്കേഷൻ, എംഒഐ വെബ്‌സൈറ്റ്, ട്രാഫിക് വിഭാഗങ്ങൾ അല്ലെങ്കിൽ ഏകീകൃത സേവന കേന്ദ്രങ്ങൾ എന്നിവയിലൂടെ അടയ്ക്കാം. എല്ലാ മെക്കാനിക്കൽ വാഹനങ്ങൾക്കുമുള്ള 50% കിഴിവ് ഓഗസ്റ്റ് 31-ന് അവസാനിക്കുമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു. മൂന്ന് വർഷത്തിനുള്ളിൽ രേഖപ്പെടുത്തിയ ലംഘനങ്ങളും കിഴിവിൽ ഉൾപ്പെടുന്നു. നിയമങ്ങളും നടപടിക്രമങ്ങളും ലംഘിച്ചാൽ 90 ദിവസം വരെ വാഹനം പിടിച്ചെടുക്കൽ ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കും. രാജ്യത്തിനകത്ത് വാഹനം സാങ്കേതിക പരിശോധനയ്ക്ക് വിധേയമാകുന്നില്ലെങ്കിൽ രാജ്യത്തിന് പുറത്തുള്ള മെക്കാനിക്കൽ വാഹനങ്ങൾക്ക് രജിസ്ട്രേഷൻ പുതുക്കാൻ അനുവദിക്കില്ല. നിയമപരമായ കാലയളവിനുള്ളിൽ രജിസ്ട്രേഷൻ പുതുക്കിയില്ലെങ്കിൽ (കാലഹരണപ്പെട്ട തീയതി മുതൽ 30 ദിവസം), വാഹന ഉടമ ലൈസൻസ് പ്ലേറ്റുകൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിലേക്ക് തിരികെ നൽകണം. പ്ലേറ്റുകൾ തിരികെ നൽകുന്നതിൽ പരാജയപ്പെടുന്ന പക്ഷം നിയമലംഘകനെ അതിൻ്റെ നടപടിക്രമങ്ങൾക്കായി പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യും. ഇത് ഒരു വർഷം വരെ തടവും QR3,000-മുതൽ QR10,000-വരെ പിഴയും വ്യവസ്ഥ ചെയ്യുന്നു. Read on deshabhimani.com