ഇന്റലിജന്റ് ട്രാൻസ്‌പോർട് സിസ്റ്റംസ് വേൾഡ് കോൺ​ഗ്രസ് തുടങ്ങി



ദുബായ് > 30-ാമത് ഇൻ്റലിജൻ്റ് ട്രാൻസ്പോർട്ട് സിസ്റ്റംസ് വേൾഡ് കോൺഗ്രസ് എക്സിബിഷന് ദുബായ് വേൾഡ് ട്രേഡ് സെൻ്ററിൽ തുടക്കം. മൊബിലിറ്റിയുടെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള പ്രമുഖ പ്ലാറ്റ്ഫോമാണ് എക്സിബിഷൻ. മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിൽ ആദ്യമായി നടക്കുന്ന പരിപാടി ദുബായിലെ രണ്ടാം ഡെപ്യൂട്ടി ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു. മൊബിലിറ്റി എംപവേർഡ് ബൈ ഇൻ്റലിജൻ്റ് ട്രാൻസ്‌പോർട്ട് സിസ്റ്റംസ് എന്നതാണ് പ്രമേയം. 100 രാജ്യങ്ങളിൽ നിന്നുള്ള 20,000 പങ്കാളികളെയാണ് കോൺഗ്രസിൽ പ്രതീക്ഷിക്കുന്നത്. സെപ്തംബർ 16 മുതൽ 20 വരെ പ്രവർത്തിക്കുന്ന പരിപാടിയിൽ 800ലധികം പ്രഭാഷകർ സംവദിക്കും. 200 സെഷനുകളും 500 പ്രദർശകരും ഉണ്ടായിരിക്കും. വാഹന നിർമാണം മുതൽ ടെലികമ്മ്യൂണിക്കേഷൻ വരെയുള്ള മേഖലകളെ പ്രതിനിധീകരിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥരും ആഗോള വിദഗ്ധരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. അർബൻ മൊബിലിറ്റി, ഗതാഗതത്തിലും ലോജിസ്റ്റിക്‌സിലും ഇന്നൊവേഷൻ, സുസ്ഥിര മൊബിലിറ്റി, ഓട്ടോണമസ് മൊബിലിറ്റി എന്നീ നാല് പ്രധാന മേഖലകളിൽ കോൺഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കും. അത്യാധുനിക സാങ്കേതിക വിദ്യകൾ എക്‌സിബിഷനിൽ  പ്രദർശിപ്പിക്കും. Read on deshabhimani.com

Related News