നിയമവിരുദ്ധമായി ഒത്തുകൂടിയതിന് 57 ബംഗ്ലാദേശുകാര്‍ക്ക് ജയില്‍ ശിക്ഷ ശിക്ഷ വിധിച്ച് യുഎഇ



മനാമ > ബംഗ്ലാദേശ് സര്‍ക്കാരിന്റെ വിവാദമായ സംവരണ നിയമത്തിനെതിരെ യുഎഇയില്‍ പ്രതിഷേധം സംഘടിപ്പിച്ച 57 ബംഗ്ലാദേശകാര്‍ക്ക് അബുദാബി ഫെഡറല്‍ അപ്പീല്‍ കോടതി പത്തുവര്‍ഷം മുതല്‍ ജീവപര്യന്തം വരെ ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധിക്കുശേഷം പ്രതികളെ നാടു കടത്താനും കോടിതി ഉത്തരവിട്ടു. ഇതില്‍ യുഎഇയിലെ തെരുവുകളില്‍ പ്രകടനങ്ങള്‍ക്ക് ആഹ്വാനം ചെയ്തതിനും കലാപത്തിന് പ്രേരിപ്പിച്ചതിനും മൂന്ന് പേരെ ജീവപര്യന്തം തടവു വിധിച്ചു. 53 പ്രതികള്‍ക്ക് പത്തുവര്‍ഷത്തെ തടവുശിക്ഷയും കോടതി വിധിച്ചു. നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ച് കലാപത്തില്‍ പങ്കെടുത്ത ഒരു പ്രതിയെ 11 വര്‍ഷം തടവിനും ശിക്ഷിച്ചു. ഇവരുടെ മൊബൈല്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ പിടിച്ചെടുക്കാനും ഉത്തരവിട്ടു. വെള്ളിയാഴ്ചയാണ് യുഎഇയിലെ വിവിധ ഭാഗങ്ങളില്‍ ബംഗ്ലാദേശ് പ്രവാസികള്‍ വലിയ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധക്കാര്‍ ഗതാഗതം തടസ്സപ്പെടുത്തുകയും പൊതു-സ്വകാര്യ സ്വത്ത് നശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് യുഎഇ അറ്റോര്‍ണി ജനറലായ ഡോ. ഹമദ് സെയ്ഫ് അല്‍ ഷംസി ശനിയാഴ്ച അടിയന്തിര അന്വേഷണത്തിനും വിചാരണക്കും നിര്‍ദേശിച്ചു. നിരവധി പേരെ പൊലിസ് കസ്റ്റഡിയില്‍ എടുത്തു.  30 അംഗ സംഘത്തിനായിരുന്നു അന്വേഷണ ചുമതല. പ്രതികള്‍ പ്രകടനങ്ങള്‍ക്ക് ആഹ്വാനം ചെയ്യുകയും സംഭവങ്ങളുടെ വീഡിയോ റെക്കോര്‍ഡ് ചെയ്യുകയും ഓണ്‍ലൈനില്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്തതായും അന്വേഷണത്തില്‍ കണ്ടെത്തി. നിരവധി തെരുവുകളില്‍ പ്രതികള്‍ പ്രകടനങ്ങള്‍ സംഘടിപ്പിക്കുകയും ആളുകളെ പങ്കെടുപ്പിക്കുകയും ചെയ്തതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പൊതു സ്ഥലത്ത് നിയമിരുദ്ധമായി ഒത്തുചേരല്‍, അശാന്തിക്ക് പ്രേരിപ്പിക്കുന്ന ഉദ്ദേശത്തോടെ സ്വന്തം ഗവണ്‍മെന്റിനെതിരെ പ്രതിഷേധിക്കല്‍, നിയമപാലനം തടസ്സപ്പെടുത്തല്‍, കലാപം, ഗതാഗതം തടസ്സപ്പെടുത്തല്‍, സ്വത്ത് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. കുറ്റങ്ങളിലെ പങ്കാളിത്തം സ്ഥിരീകരിച്ച് ശേഷമാണ് പ്രതികളെ വിചാരണയ്ക്ക് വിധേയരാക്കിയതെന്ന് പ്രോസിക്യൂഷന്‍ പ്രസ്താവിച്ചു. 1971ലെ വിമോചനയുദ്ധത്തില്‍ പങ്കെടുത്ത സൈനികരുടെ പിന്‍ഗാമികള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ നല്‍കിയ 30 ശതമാനം സംവരണത്തിനെതിരെ ബംഗ്ലാദേശില്‍ ആഴ്ചകളോളം നടന്ന പ്രതിഷേധങ്ങളുടെ ഭാഗാമായാണ് ഒരു വിഭാഗം ബംഗ്ലാദേശ് പ്രവാസികള്‍ യുഎഇയിലെ പ്രതിഷേധം സംഘടിപ്പിച്ചത്. സംവരണം അഞ്ചു ശതമാനമാക്കി കഴിഞ്ഞ ദിവസം സുപ്രീംകോടതി കുറച്ചിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും കഴിഞ്ഞാല്‍ യുഎഇയിലെ മൂന്നാമത്തെ വലിയ പ്രവാസി സമൂഹമാണ് ബംഗ്ലാദേശകാര്‍. ഏതാണ്ട് ഒന്‍പത് ലക്ഷത്തോളം ബംഗ്ലാദേശുകാര്‍ യുഎഇയില്‍ ഉണ്ടെന്നാണ് കണക്ക്. പരസ്യ പ്രകടനത്തിന് വിലക്കുള്ള രാജ്യമാണ് യുഎഇ.   Read on deshabhimani.com

Related News