യുഎഇ പ്രവാസി സാഹിത്യോത്സവ് നവംബർ 24 ന് അബുദാബി നാഷണൽ തിയേറ്ററിൽ
അബുദാബി > കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന പതിനാലാം എഡിഷൻ യുഎഇ പ്രവാസി സാഹിത്യോത്സവ് നവംബർ 24 ഞായറാഴ്ച അബൂദാബി നാഷനൽ തിയേറ്ററിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രജിസ്റ്റർ ചെയ്ത 7119 മത്സരാർഥികളിൽ നിന്ന് യൂനിറ്റ്, സെക്‌ടർ, സോൺ ഘടകങ്ങളിൽ മത്സരിച്ച് വിജയിയായ ആയിരം പ്രതിഭകളാണ് നാഷനൽ സാഹിത്യോത്സവിൽ മാറ്റുരക്കുന്നത്. 'പരദേശിയുടെ നിറക്കൂട്ട്' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കപ്പെടുന്ന പ്രവാസി സാഹിത്യോത്സവത്തിൽ ജൂനിയർ, സെക്കണ്ടറി, സീനിയർ, ജനറൽ, എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. യുഎഇയിലെ വിവിധ സ്‌കൂളുകളിൽ നിന്ന് ക്യാമ്പസ് വിഭാഗത്തിൽ പ്രത്യേക മത്സരങ്ങളും നടക്കും. പ്രവാസി വിദ്യാർത്ഥി - യുവജനങ്ങളിൽ നിന്ന് കലാ സാഹിത്യ അഭിരുചിയുള്ളവരെ കണ്ടെത്തി അവസരവും പരിശീലനവും നൽകി ഉയർത്തി കൊണ്ടുവരികയും സാമൂഹിക പ്രതിബദ്ധതയുള്ള യുവതയെ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് സാഹിത്യോത്സവിലൂടെ ലക്ഷ്യമാക്കുന്നത്. മാപ്പിളപ്പാട്ട്, ഖവാലി, ദഫ്, മദ്ഹ്ഗാനം, സൂഫിഗീതം, മലയാള പ്രസംഗം, കഥാരചന, കവിതാരചന, കോറൽ റീഡിങ്, കൊളാഷ്, സ്പോട് മാഗസിൻ തുടങ്ങി 73 മത്സര ഇനങ്ങൾ 12 വേദികളിലായി നടക്കും. സാഹിത്യോത്സവ് രാവിലെ 7 മണിക്ക് ആരംഭിക്കും. വൈകിട്ട് 7 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ശൈഖ് അലി അൽ ഹാഷ്മി ഉദ്ഘാടനം നിർവഹിക്കും. എസ്എസ്എഫ് സംസ്ഥാന പ്രസിഡൻറ് ഫിർദൗസ് സഖാഫി കടവത്തൂർ സന്ദേശ പ്രഭാഷണം നടത്തും. സാമൂഹിക സാംസ്കാരിക വ്യവസായ പ്രമുഖർ പങ്കെടുക്കും. ഗ്ലോബൽ കലാലയം കഥ, കവിത പുരസ്‌കാര ജേതാക്കൾക്കുള്ള പുരസ്‌കാര വിതരണവും സാംസ്കാരിക സമ്മേളനത്തിൽ നടക്കും. സംഘാടക സമിതി ചെയർമാൻ ഉസ്മാൻ സഖാഫി തിരുവത്ര, കൺവീനർ ഹംസ അഹ്സനി, ആർ എസ് സി ഗ്ലോബൽ ചെയർമാൻ സക്കരിയ ശാമിൽ ഇർഫാനി, ഗ്ലോബൽ സെക്രട്ടറി മുസ്തഫ കൂടല്ലൂർ, ആർ എസ് സി യു എ ഇ നാഷനൽ സെക്രട്ടറിമാരായ സിദ്ധീഖ് പൊന്നാട്, സഈദ് സഅദി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com