യുഎഇ പ്രതിനിധി സംഘം നാളെ ഇന്ത്യയിലേക്ക്
ദുബായ് > യുഎഇയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ സംരംഭകത്വ മന്ത്രി ആലിയ ബിൻത് അബ്ദുല്ല അൽ മസ്‌റൂയിയും സാമ്പത്തിക മന്ത്രിയും ഇൻവെസ്‌റ്റോപ്പിയ ചെയർമാനുമായ അബ്ദുല്ല ബിൻ തൂഖ് അൽ മാരി ഉൾപ്പെടെയുള്ള യുഎഇ സാമ്പത്തിക പ്രതിനിധി സംഘം നാളെ ഇന്ത്യ സന്ദർശിക്കും. സന്ദർശന വേളയിൽ, ലോജിസ്റ്റിക്‌സ്, അഡ്വാൻസ്ഡ് ഇൻഡസ്ട്രീസ്, എൻ്റർപ്രണർഷിപ്പ്, എസ്എംഇകൾ, പരിസ്ഥിതി, നിക്ഷേപം എന്നിവയിൽ സർക്കാർ, സ്വകാര്യ മേഖലാ തലങ്ങളിൽ പുതിയ പങ്കാളിത്തം ഉണ്ടാക്കുന്നതിനുള്ള അവസരങ്ങൾ പ്രതിനിധി സംഘം ചർച്ച ചെയ്യും. ഇരു രാജ്യങ്ങൾക്കുമിടയിൽ വൈവിധ്യമാർന്ന സാമ്പത്തിക, നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി യുഎഇ പ്രതിനിധി സംഘത്തിൻ്റെ സന്ദർശന വേളയിൽ ഇൻവെസ്‌റ്റോപ്പിയ ഗ്ലോബൽ ടോക്‌സിൻ്റെ പുതിയ പതിപ്പ് ചെന്നൈയിൽ നടക്കും. വ്യവസായ പ്രമുഖർ, നിക്ഷേപകർ, സംരംഭകർ, സാമ്പത്തിക വിദഗ്ധർ, എമിറാത്തി, ഇന്ത്യൻ സ്വകാര്യ മേഖലാ കമ്പനികളുടെ പ്രതിനിധികൾ തുടങ്ങി 300-ലധികം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിൻ തൂഖ് ഇന്ത്യൻ മന്ത്രിമാരുമായും സർക്കാർ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും.കൂടാതെ, ഇന്ത്യയിലെ പ്രമുഖ എഞ്ചിനീയറിംഗ്, ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടുകളിലൊന്നായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസും (ഐഐടിഎം), തമിഴ്‌നാട് ഇൻഡസ്ട്രിയൽ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ്റെ (ടിഡ്‌കോ) ആസ്ഥാനവും അതിൻ്റെ അത്യാധുനിക ഉൽപ്പാദന കേന്ദ്രവും അദ്ദേഹം സന്ദർശിക്കും. Read on deshabhimani.com