യുഎഇ ദേശീയ ദിനം ഇന്ന്‌



ദുബായ് > ഒരുമയുടെ വിജയഗാഥയെ ഓർമിപ്പിച്ചുകൊണ്ട് യുഎഇ 53–-ാമത്‌ ദേശീയദിനം തിങ്കളാഴ്‌ച ആഘോഷിക്കും. അബുദാബി, ദുബായ്‌, ഷാർജ, ഫുജൈറ, അജ്‌മാൻ, ഉം അൽ കുവൈൻ, റാസ് അൽ ഖൈമ എന്നീ ഏഴ് എമിറേറ്റുകളുടെ ഏകീകരണത്തെ അനുസ്‌മരിക്കുന്ന ആഘോഷം ഇപ്പോൾ ഈദ് അൽ എത്തിഹാദ് എന്നാണറിയപ്പെടുന്നത്‌. എമിറേറ്റുകളിൽ വിവിധ പ്രകടനങ്ങളും പരിപാടികളും ആഘോഷത്തിന്റെ ഭാഗമായി നടക്കും. ഔദ്യോഗിക ആഘോഷത്തിന്റെ തത്സമയ സംപ്രേക്ഷണത്തിനായി എമിറേറ്റുകളിലുടനീളം ഒന്നിലധികം സ്ഥലങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്ന് ആഘോഷങ്ങളുടെ സംഘാടക സമിതി പ്രഖ്യാപിച്ചു. എമിറേറ്റുകളിലെ ആഘോഷ വേദികളുടെ വിശദവിവരങ്ങൾ അടങ്ങിയ ഗൈഡ്‌ ആഘോഷ കമ്മിറ്റി പുറത്തിറക്കിയിട്ടുണ്ട്‌. ശനിമുതൽ തുടങ്ങിയ വെടിക്കെട്ട്‌ ചൊവ്വ വരെ നടക്കും. ദുബായിൽ ഫെസ്റ്റിവൽ സിറ്റി മാളിൽ തിങ്കൾ രാത്രി 9.10നും അൽ സീഫിൽ ചൊവ്വ രാത്രി ഒമ്പതിനും ഗ്ലോബൽ വില്ലേജിൽ രണ്ടുദിവസവും രാത്രി ഒമ്പതിനും വെടിക്കെട്ട്‌ നടക്കും. അബുദാബിയിൽ യാസ് ബേ വാട്ടർഫ്രണ്ടിലും യാസ് മറീന സർക്യൂട്ടിലും തിങ്കൾ രാത്രി ഒമ്പതിനും അൽ മരിയ ദ്വീപിൽ തിങ്കളും ചൊവ്വയും രാത്രി ഒമ്പതിനും വെടിക്കെട്ട്‌ ഉണ്ടാകും. ജുമൈറ ബീച്ച്–- 2, ജുമൈറ–- 3, ഉമ്മു സുഖീം–- 1, ഉമ്മു സുഖീം–- 2 എന്നീ കടൽത്തീരങ്ങൾ കുടുംബങ്ങൾക്കായിരിക്കും പ്രവേശനം. ചൊവ്വവരെ പുലർച്ചെ ഒന്നുവരെ ദുബായ് മെട്രോയും ട്രാമും പ്രവർത്തിക്കും. സർക്കാർ കെട്ടിടങ്ങൾ, പൊതുചത്വരങ്ങൾ, തെരുവുകൾ, ഷോപ്പിങ്‌ സെന്ററുകൾ എന്നിവയിൽ യുഎഇ പതാക കൊണ്ടും വിവിധ വർണങ്ങൾകൊണ്ടും അലങ്കരിച്ചിട്ടുണ്ട്. ഔദ്യോഗിക ആഘോഷം യുഎഇയിലുടനീളം പ്രാദേശിക ടിവി ചാനലുകളിലും ഈദ് അൽ എത്തിഹാദ് 53 യൂട്യൂബ് ചാനലിലും ഔദ്യോഗിക വെബ്‌സൈറ്റിലും തത്സമയം സംപ്രേക്ഷണം ചെയ്യും. കൂടാതെ,  രാജ്യമെമ്പാടുമുള്ള സിനിമാശാലകളിലും തത്സമയം പ്രദർശിപ്പിക്കും. സ്വകാര്യ, പൊതുമേഖല ജീവനക്കാർക്ക് യുഎഇ സർക്കാർ തിങ്കളും ചൊവ്വയും ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചിട്ടുണ്ട്‌. അതേസമയം, ദേശീയ ദിനാഘോഷങ്ങളിൽ പാലിക്കേണ്ട 14 മാർഗ നിർദേശം യുഎഇ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്‌. ക്രമരഹിതമായ മാർച്ചുകളോ ഒത്തുചേരലുകളോ അനുവദനീയമല്ലെന്നും ഗതാഗതം തടസ്സപ്പെടുത്തരുതെന്നും മന്ത്രാലയം അറിയിച്ചു. ആഘോഷങ്ങളിൽ യുഎഇ പതാക മാത്രം ഉയർത്തണമെന്നും മറ്റ് രാജ്യങ്ങളുടെ പതാക അനുവദനീയമല്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്‌. Read on deshabhimani.com

Related News