അന്താരാഷ്ട്ര യുവജന ദിനം. യുവാക്കളുടെ പ്രശ്നങ്ങൾ ലോകത്തിനു മുമ്പിൽ കൊണ്ടുവരാനൊരുങ്ങി യുഎഇ



ഷാർജ > യുവജനങ്ങളുടെ പ്രശ്നങ്ങൾ അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് യുഎഇ മുൻകൈ എടുക്കുന്നു. ആ​ഗസ്ത് 12നാണ് അന്താരാഷ്ട്ര യുവജന ദിനം ആഘോഷിക്കുന്നത്. സുസ്ഥിരമായ മാനുഷിക വികസനം കൈവരിക്കുന്നതിന് യുവാക്കളുടെ ഇടപഴകലും പങ്കാളിത്തവും അത്യന്താപേക്ഷിതമാണ് എന്നും ഇത് ഉറപ്പാക്കുന്നതിനു വേണ്ടി യുവാക്കളെ സജ്ജരാക്കുക എന്നതും യുഎഇയുടെ സമഗ്ര വികസന കാഴ്ചപ്പാടിലെ അടിസ്ഥാനതത്വമാണ്. "ക്ലിക്കുകളിൽ നിന്ന് പുരോഗതിയിലേക്ക്. സുസ്ഥിര വികസനത്തിനായുള്ള യുവാക്കളുടെ ഡിജിറ്റൽ പാതകൾ" എന്ന പ്രമേയത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ഇത്തവണത്തെ യുവജന ദിന ആഘോഷങ്ങൾ. യുവ എമറാത്തികളെ ശാക്തീകരിക്കാൻ ലക്ഷ്യമിട്ടു കൊണ്ടുള്ള ദേശീയ യുവജന അജണ്ട- 2031ന് മെയ് മാസത്തിലാണ് ക്യാബിനറ്റ് അംഗീകാരം നൽകിയത്. എമറാത്തി യുവാക്കളെ ദേശീയ സാമ്പത്തിക വളർച്ചയിൽ പങ്കാളികളാക്കുക, എമറാത്തി മൂല്യങ്ങളും തത്വങ്ങളും നിലനിർത്തി സമൂഹത്തിന് മികച്ച സംഭാവന നൽകുക, ആഗോളതലത്തിൽ നേതൃത്വം നൽകുക എന്നീ ലക്ഷ്യങ്ങളെ മുൻനിർത്തിയാണ് ദേശീയ യുവജന അജണ്ട 2031 പ്രഖ്യാപിച്ചിരിക്കുന്നത്. യുവാക്കളുടെ ഉയർന്ന ജീവിത നിലവാരസൂചിക ഉറപ്പാക്കുന്ന ആദ്യത്തെ പത്ത് രാജ്യങ്ങളിൽ യുഎഇയെ ഉൾപ്പെടുത്താനാണ് ഭരണാധികാരികൾ ശ്രമിക്കുന്നത്. ഫെഡറൽ ഗവൺമെന്റിന് കീഴിലുള്ള സ്ഥാപനങ്ങളുടെ ഡയറക്ടർ ബോർഡിൽ 30 വയസ്സിന് താഴെയുള്ള എമറാത്തികളെ ഉൾപ്പെടുത്തുന്നത് നിർബന്ധമാക്കി 2019 ജൂണിൽ യുഎഇ ക്യാബിനറ്റ് നിയമം പാസാക്കിയിരുന്നു. 2017 ലെ ലോക ഗവർമെന്റ് ഉച്ചകോടിയിൽ യുവജനങ്ങളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും സഹായിക്കുന്ന അറബ് യൂത്ത് സെൻറർ എന്ന പ്രാദേശിക സംരംഭം യുഎഇ ആരംഭിച്ചു. 2022 ഏപ്രിലിൽ യുഎഇ ദേശീയ യുവജന സർവേ ആരംഭിച്ചു. യുവാക്കളുടെ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക സാംസ്കാരിക പക്വതയുടെ നിലവാരം പരിശോധിക്കുന്നതിനും വിവരങ്ങൾ ശേഖരിക്കുന്നതിനും ലക്ഷ്യമിട്ടാണ് സർവ്വേ ആരംഭിച്ചത്.  2020 ജൂലൈ യിൽ അറബ് സ്പെയ്സ് പയനിയേഴ്സ് പ്രോഗ്രാമും ബഹിരാകാശ മേഖലയിൽ യുഎഇ ആരംഭിച്ചു. Read on deshabhimani.com

Related News