യുഎഇ ദേശീയ ദിനം: 3000ൽ അധികം തടവുകാരെ മോചിപ്പിക്കാൻ ഉത്തരവ്
ദുബായ് > യുഎഇയുടെ 53-ാം ദേശീയ ദിനത്തോടനുബന്ധിച്ച് 3000ൽ അധികം തടവുകാരെ മോചിപ്പിക്കാൻ ഉത്തരവ്. 2269 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ബുധനാഴ്ച ഉത്തരവിട്ടു. പലതരം കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട തടവുകാർക്ക് ചുമത്തിയ എല്ലാ പിഴകളും അടയ്ക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് അറിയിച്ചു. മോചിതരായ അന്തേവാസികൾക്ക് പുതിയ ജീവിതത്തിന് അവസരം നൽകാനും സ്ഥിരത കൈവരിക്കാനും അവരുടെ കുടുംബങ്ങൾക്ക് സന്തോഷം നൽകാനും ഈ സംരംഭം ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു. വിവിധ രാജ്യക്കാരായ 1169 കുറ്റവാളികളെ മോചിപ്പിക്കാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിട്ടു. തെരഞ്ഞെടുക്കപ്പെട്ട തടവുകാരുടെ കുടുംബങ്ങൾക്കും ബന്ധുക്കൾക്കും സന്തോഷം ഉറപ്പാക്കുന്ന വിധം എത്രയുംവേഗം ഉത്തരവ് നടപ്പാക്കാൻ അധികൃതർ ശ്രമം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com