ഒമാനി യുവജന ദിനം ഒക്ടോബർ 26 ന്



മസ്‌ക്കറ്റ്>  ദേശീയ യുവജന ദിനമായ ഒക്ടോബർ 26 വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഒമാൻ യുവജന മന്ത്രാലയം. സാംസ്‌കാരിക, കായിക, യുവജന വകുപ്പ് മന്ത്രി സയ്യിദ് തെയാസിൻ ബിൻ ഹൈതം ബിൻ താരിക്കിന്റെ നേതൃത്വത്തിൽ ഒമാൻ എക്രോസ് ഏജസ് മ്യൂസിയത്തിൽ വച്ചാണ് ചടങ്ങുകൾ നടക്കുക. പൗരന്മാർക്കും പൊതുജനങ്ങൾക്കുമായി അന്നേ ദിവസം വൈകുന്നേരം നാലു മണിക്ക് മസ്‌കറ്റിലെ അൽ സഹ്‌വ പാർക്കിൽ "ഫിസിക്കൽ ആക്ടിവിറ്റി ഡേ' സംഘടിപ്പിക്കും. വിദ്യാഭ്യാസ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോക്ടർ  അബ്ദുള്ള ബിൻ ഖമീസ് അൽ ബുസൈദി പരിപാടിയ്ക്ക് നേതൃത്വം വഹിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ദേശീയ സ്ഥിതിവിവര ഏജൻസി പുറത്തുവിട്ട കണക്കുകൾ പ്രകാരം 2022 ൽ 18 നും 29 നും ഇടയിൽ പ്രായമുള്ള ഒമാനി യുവാക്കളുടെ എണ്ണം 544,983  ആണ്. ഇത് മൊത്തം ഒമാനി ജനസംഖ്യയുടെ 19.4 ശതമാനം വരും. രാജ്യത്തുടനീളം ശാരീരിക പ്രവർത്തനങ്ങളുടേതായ സംസ്കാരം പ്രോത്സാഹിപ്പിക്കുക, വ്യായാമം ദിനചര്യകളുമായി സമന്വയിപ്പിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. Read on deshabhimani.com

Related News