സ്വപ്‌നത്തിലൊരു ചാട്ടമുണ്ട് - ട്രിപ്പിൾജമ്പ് താരം അബ്‌ദുള്ള അബൂബക്കറിന്റെ പ്രതീക്ഷകൾ
പാരിസ് ഒളിമ്പിക്‌സിൽ പങ്കെടുക്കുന്നത് ഏഴ് മലയാളികളാണ്. കന്നി ഒളിമ്പിക്‌സിനിറങ്ങുന്ന ട്രിപ്പിൾജമ്പ് താരം അബ്‌ദുള്ള അബൂബക്കറിന്റെ പ്രതീക്ഷകൾ... കൊച്ചി പരിശീലനത്തിനൊപ്പം നന്നായി ഭക്ഷണം കഴിക്കുന്നു, നന്നായി ഉറങ്ങുന്നു. പാരിസ് ഒളിമ്പിക്‌സ് വിളിപ്പാടകലെ എത്തിയിട്ടും ഒട്ടും സമ്മർദമില്ലാതെ അബ്‌ദുള്ള അബൂബക്കറിന്റെ പ്രതികരണം. ബംഗളൂരു സായി സെന്ററിലെ ഇന്ത്യൻ ക്യാമ്പിലാണ് ട്രിപ്പിൾജമ്പ് താരത്തിന്റെ പരിശീലനം. 28ന് പാരിസിലെത്തണം. ആഗസ്‌ത് ഏഴിനാണ് മത്സരം. അവസാനവട്ട ഒരുക്കത്തിനായി പോളണ്ടിൽ പരിശീലനത്തിന് പോകേണ്ടതായിരുന്നു. എന്നാൽ, റഷ്യക്കാരൻ കോച്ച് ഡെനിസ് കപ്പൂസ്റ്റ്യന് പോളണ്ട് വിസ നിഷേധിച്ചത് തിരിച്ചടിയായി. അതേക്കുറിച്ച് വേവലാതിപ്പെട്ടിരിക്കാൻ സമയമില്ലെന്നാണ് മറുപടി. ആദ്യ ഒളിമ്പിക്‌സിനെക്കുറിച്ച് ? ഒളിമ്പിക്‌സിന് പോകുന്നതിന്റെ ത്രില്ലുണ്ട്. അവിടെ നന്നായി ചെയ്യണമെന്നും ആഗ്രഹിക്കുന്നു. ഏറ്റവും മികച്ച ചാട്ടമാണ് മനസ്സിൽ. മെഡലിനെക്കുറിച്ചോ സ്ഥാനത്തെക്കുറിച്ചോ ഓർത്ത് ആശങ്കപ്പെടുന്നില്ല. മികച്ച പ്രകടനം ഉറപ്പുതരുന്നു. വലിയ സമ്മർദം മനസ്സിലേക്ക് എടുക്കുന്നേയില്ല. രാജ്യാന്തരമത്സരങ്ങളിൽ ധാരാളം പങ്കെടുത്തത് തുണയായി. ഒളിമ്പിക്‌സായാലും കൂളായി ചെയ്യാൻ പറ്റുമെന്ന ആത്മവിശ്വാസമുണ്ട്. വിദേശപരിശീലനം നഷ്‌ടമായത് ? പോളണ്ടിൽ പരിശീലനത്തിന് പോകാനുള്ള ആദ്യസംഘത്തിൽ ഞാനുണ്ടായിരുന്നു. റഷ്യക്കാരനായ കോച്ചിന് വിസ കിട്ടുമോയെന്ന് കാത്തിരുന്നു. എന്നാൽ, അത് കിട്ടിയില്ല. അവിടെ പോയിരുന്നെങ്കിൽ ഭക്ഷണവും കാലാവസ്ഥയും പൊരുത്തപ്പെടുത്തിയെടുക്കാമായിരുന്നു. എന്നാൽ, അതേക്കുറിച്ച് ആലോചിച്ച് സമയം കളയാനില്ല. അതേ ഊർജത്തോടെ ബംഗളൂരു ക്യാമ്പിൽ തീവ്രപരിശീലനത്തിലാണ്. 17 മീറ്റർ മറികടന്നത് ? പതിനേഴു മീറ്റർ എന്ന നാഴികക്കല്ല് നാലുതവണ കണ്ടെത്താനായതാണ് ആത്മവിശ്വാസം വർധിപ്പിച്ചത്. കഴിഞ്ഞ രണ്ടുവർഷത്തിനിടെയാണ് ഈ പ്രകടനം. 2022 കായികജീവിതത്തിലെ പ്രധാന വർഷമായിരുന്നു. ആ വർഷം മികച്ച ചാട്ടങ്ങളുണ്ടായി. 2022ൽ ഭുവനേശ്വറിൽ നടന്ന ഇന്ത്യൻ ഗ്രാൻ പ്രിയിൽ ചാടിയ 17.19 മീറ്ററാണ് മികച്ച ദൂരം. അതേവർഷം ഇന്റർ സ്‌റ്റേറ്റ് മീറ്റിൽ 17.14 മീറ്റർ താണ്ടി. ബെർമിങ്ഹാം കോമൺവെൽത്ത് ഗെയിംസിൽ വെള്ളി നേടിയ ചാട്ടം 17.02 മീറ്ററായിരുന്നു. ഇക്കഴിഞ്ഞ ഇന്റർ സ്‌റ്റേറ്റ് മീറ്റിൽ 17 മീറ്റർ ചാടിയാണ് സ്വർണം നേടിയത്. ഒളിമ്പിക്‌സ് യോഗ്യതാദൂരം 17.22 മീറ്ററായിരുന്നു. മികച്ച ലോക റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലായിരുന്നു ഒളിമ്പിക്‌സ് യോഗ്യത. കോഴിക്കോട് നാദാപുരം വളയം സ്വദേശിയായ അബ്‌ദുള്ള–-സാറ ദമ്പതികളുടെ മകനാണ് ഇരുപത്തെട്ടുകാരൻ. 2017 മുതൽ ബംഗളൂരുവിൽ വ്യോമസേനയിൽ ഉദ്യോഗസ്ഥൻ. സ്‌കൂൾകാലത്ത് അത്‌ലറ്റിക്‌സിൽ ഓൾറൗണ്ടറായിരുന്നു. പാലക്കാട് കല്ലടി കുമരംപുത്തൂർ സ്‌കൂളിലേക്ക് മാറിയത് വഴിത്തിരിവായി. അവിടെനിന്നാണ് ട്രിപ്പിൾജമ്പിലേക്ക് മാറിയത്. തുടർന്ന് കോതമംഗലം എംഎ കോളേജിൽ എത്തിയപ്പോഴേക്കും ദേശീയതാരമായി ശ്രദ്ധനേടി. 2022 സുവർണവർഷമായിരുന്നെങ്കിൽ 2023ൽ ഏഷ്യൻ മീറ്റിൽ സ്വർണം സ്വന്തമാക്കി. ഈവർഷം ഇന്ത്യൻ ഓപ്പൺ ജമ്പ്‌സ് മീറ്റിൽ സ്വർണം നേടി. തുടർന്നാണ് ഇന്റർ സ്‌റ്റേറ്റ് മീറ്റിലെ പ്രകടനം. രഞ്‌ജിത് മഹേശ്വരിക്കുശേഷം 17 മീറ്റർ മറികടന്ന മലയാളിയാണ്. ഒളിമ്പിക്‌സിൽ ദേശീയ റെക്കോഡുകാരൻ തമിഴ്‌നാട്ടിലെ പ്രവീൺ ചിത്രവേലും മത്സരിക്കുന്നു. Read on deshabhimani.com