ഗോദയിൽ പുഞ്ചിരി ; അമന് വെങ്കലം



പാരിസ്‌ തുടക്കം പതറിയെങ്കിലും എതിരാളിയെ നിലംപരിശാക്കി ഇന്ത്യയുടെ അമൻ സെഹ്‌രാവത്ത്‌ പാരിസിലെ ഗോദയിൽ നിന്ന്‌ ആദ്യ മെഡൽ നേടി. പുരുഷൻമാരുടെ 57 കിലോ വിഭാഗം ഗുസ്‌തി  വെങ്കല മെഡൽ പോരാട്ടത്തിൽ പോർട്ടറിക്കോയുടെ ഡാരിയൻ ക്രൂസിനെ 13–-5ന്‌ തകർത്താണ്‌ ഹരിയാനക്കാരൻ മെഡൽ അണിഞ്ഞത്‌. തുടക്കത്തിൽ തന്നെ  ക്രൂസ്‌ ലീഡ്‌ നേടിയതോടെ അമൻ മത്സരം കൈവിടുമെന്ന്‌ തോന്നിയെങ്കിലും ശക്തമായ തിരിച്ചുവന്ന്‌ 3–-1ന്‌ മുന്നിലെത്തി. എതിരാളിയ്‌ക്ക്‌ ഒരവസരവും പിന്നീട്‌ നൽകാതെയാണ്‌ ഇരുപത്തൊന്നുകാരൻ മെഡൽ തൊട്ടത്‌. വിനേഷ്‌ ഫോഗട്ടിന്റെ അപ്രതീക്ഷിയ അയോഗ്യതയിൽ തളർന്ന ഇന്ത്യയ്‌ക്ക്‌ ആശ്വാസം പകരുന്ന മെഡലാണ്‌.  നേരത്തേ ആദ്യ രണ്ട്‌ പോരിലും ജയിച്ചുകയറിയ അമൻ സെമിയിൽ ജപ്പാന്റെ ലോക ഒന്നാംനമ്പർ താരം റേ ഹിഗൂച്ചിയോട്‌ 10–-0ന്‌ തോറ്റിരുന്നു. ആദ്യ പോരിൽ നോർത്ത്‌ മാസിഡോണിയയുടെ വ്ലാദിമർ എഗോറവിനെ 10–-0ന്‌ മറികടന്നാണ്‌ ക്വാർട്ടറിൽ പ്രവേശിച്ചത്‌. ലോക നാലാംനമ്പർ താരം അൽബേനിയയുടെ അബാകറോവ്‌ സലിംഖാനെ 12–-0ന്‌ നിലംപരിശാക്കിയാണ്‌ സെമിയിൽ കടന്നത്‌. ഇതോടെ ഇന്ത്യക്ക്‌ ആറ്‌ മെഡലായി. കഴിഞ്ഞതവണ ഏഴെണ്ണമുണ്ടായിരുന്നു. നീരജ്‌ ചോപ്ര ഒളിമ്പിക്‌സിൽ തുടരെ സ്വർണവും വെള്ളിയും നേടുന്ന ആദ്യ താരമായി. രണ്ട്‌ മെഡൽ നേടുന്ന മൂന്നാമത്തെ  താരം. ഗുസ്‌തിയിൽ സുശീർകുമാറും(2008, 2012) ബാഡ്‌മിന്റൺ താരം പി വി സിന്ധു(2016, 2021) ഈ നേട്ടം കൈവരിച്ചിട്ടുണ്ട്‌. ഇന്ന്‌ പകൽ 2.30ന്‌ ഗുസ്‌തിയിൽ റീതിക ഹൂഡ ഇറങ്ങും. ഇതാണ്‌ ഇന്ത്യയുടെ അവസാന ഇനം. ഗോൾഫിൽ ദിക്ഷ സാഗറിനും അദിതി അശോകിനും നാലാം റൗണ്ട്‌ ഉണ്ട്‌. കനൽ താണ്ടിയ ജീവിതം പ്രായം 21. ആദ്യ ഒളിമ്പിക്‌സ്‌. അമൻ സെഹ്‌രാവത്തിന്റെ പേര്‌ ഓർത്തുവയ്‌ക്കാം. ഗുസ്‌തിക്കാരുടെ നാടായ ഹരിയാനയിലെ ബിരോഹരിൽനിന്നാണ്‌ വരവ്‌. കനൽ താണ്ടിയ ജീവിതമാണ്‌ അമനിന്റേത്‌. 11–-ാം വയസ്സിൽ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട്‌ അനാഥത്വത്തിലേക്ക്‌ വലിച്ചെറിയപ്പെട്ടു. പക്ഷേ, തളർന്നില്ല. ഗോദ അവന്‌ മറ്റെന്തിനേക്കാളും പ്രിയപ്പെട്ടതായിരുന്നു. നഷ്ടങ്ങളും നൊമ്പരങ്ങളും ഗുസ്‌തിയിലൂടെ മറന്നു. 10–-ാം വയസ്സിൽത്തന്നെ ഇന്ത്യൻ ഗുസ്‌തിയുടെ ഫാക്ടറിയായി അറിയപ്പെടുന്ന ഡൽഹിയിലെ ചത്രശാൽ അക്കാദമിയിൽ ചേർന്നു. ഒളിമ്പിക്‌ ജേതാക്കളായ യോഗേശ്വർ ദത്ത്‌, രവി കുമാർ ദഹിയ, സുശീൽ കുമാർ, ബജ്‌രങ്‌ പുണിയ എന്നിവരെല്ലാം കളി പഠിച്ച ഇടമാണിത്‌. പതിനഞ്ചാം വയസ്സിൽ ക്രൊയേഷ്യയിലെ സാഗ്രെബിൽ നടന്ന ലോക കേഡറ്റ്‌ ചാമ്പ്യൻഷിപ്പിൽ വെങ്കലവുമായാണ്‌ അമൻ വരവറിയിച്ചത്‌. പിന്നീട്‌ വിജയവഴി തീർത്തു. 2021ൽ 18–-ാം വയസ്സിൽ ദേശീയ ചാമ്പ്യനായാണ്‌ ശ്രദ്ധയാകർഷിക്കുന്നത്‌. അണ്ടർ 23 ഏഷ്യൻ ചാമ്പ്യൻഷിപ്പിനുപിന്നാലെ ലോകചാമ്പ്യൻഷിപ്പിലും സ്വർണം നേടി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യതാരം.  ഏഷ്യൻ ഗെയിംസിൽ വെങ്കലമായിരുന്നു. ആറുവർഷത്തെ കളിജീവിതത്തിൽ ആകെ 16 മെഡലുകൾ നേടി. Read on deshabhimani.com

Related News